
ന്യൂഡല്‍ഹി: ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് പുകമറ സൃഷ്ടിക്കുന്നത് എൻഫോഴ്സ്മെണ്ട് ഡയറക്‌ട്രേറ്റിൻ്റെ (ഇ.ഡി) മുഖ്യവിനോദം. തോന്നിയപോലെ കേസെടുക്കുന്നതും റെയ്‌ഡും അറസ്റ്റും നടത്തി വാര്‍ത്ത സൃഷ്ടിക്കുന്നതും ഇ.ഡി പതിവാക്കിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകളുമായാണ് ഇ.ഡി മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ പകപോക്കലാണ് കേസുകള്‍ക്ക് പിന്നിലെന്നാണ് ഹേമന്ദ് സോറൻ്റെ നിലപാട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ മകൻ വൈഭവ് ഗെലോട്ടിൻ്റെ പിന്നാലെയും ഇ.ഡിയുണ്ട്. വൈഭവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു.

പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനര്‍ജിക്ക് എതിരെയാണ് ഇ.ഡിയുടെ നീക്കം. സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയില്‍ അഭിഷേകിനെ ഇ.ഡി പലവട്ടം ചോദ്യം ചെയ്‌തു കഴിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനിനെ കഴിഞ്ഞവര്‍ഷം ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ഇ.ഡി അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട്ടില്‍ ജോലി നല്‍കാൻ കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയോട് ‘നിങ്ങള്‍ ബി.ജെ.പിയില്‍ ചേരാത്തത് എന്തുകൊണ്ടാണെന്ന്’- ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകൻ കപില്‍സിബല്‍ ചെന്നൈ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തിയ ഏക് നാഥ് ഷിൻഡെ വിഭാഗക്കാരായ മിക്ക എം.എല്‍.എമാര്‍ക്കുമെതിരെ ഇ.ഡി കേസെടുത്തു. ഏക് നാഥ് ഷിൻഡെ വിഭാഗവും ബി.ജെ.പിയും കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചതോടെ കേസെല്ലാം തേച്ചുമായ്ച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നു.
