
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനീസ് സ്‌മാട്ട്‌ഫോൺ നിർമാതാക്കളായ വിവോക്കെതിരെയും കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് എതിരെയും ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരം പ്രത്യേക കോടതിയിൽ നേരത്തെ കേസ് ഫയൽ ചെയ്‌തിരുന്നു.
നിലവിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തിരുന്നു.

ലാവ ഇൻ്റെർനാഷണൽ മൊബൈൽ കമ്പനിയുടെ എം.ഡി ഹരി ഓം റായി, ചൈനീസ് പൗരനായ ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടണ്ടുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് അറസ്റ്റിലായത്. ഈ ആഴ്‌ച ലാവ ഇൻ്റെർനാഷണലിൻ്റെ മാനേജിംഗ് ഡയറക്ടർ ഹരി ഓം റായിയുടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി പട്യാല ഹൗസ് കോടതി നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവോ ഇന്ത്യയിലടക്കം (Vivo India) ഇ.ഡി വ്യാപക റെയ്‌ഡ് നടത്തിയത്. ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ വിവോ 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്‌തതായാണ് കണ്ടെത്തൽ.
എന്നാൽ പത്തു വർഷങ്ങൾക്ക് മുമ്പാണ് തൻ്റെ കമ്പനിയും വിവോയും ഇന്ത്യയിൽ ഒരു സംയുക്ത സംരംഭം തുടങ്ങാൻ ചർച്ചകൾ നടത്തിയിരുന്നത് എന്നും 2014 മുതൽ ചൈനീസ് സ്ഥാപനവുമായോ അതിൻ്റെ പ്രതിനിധികളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും ലാവ ഇൻ്റെർനാഷണലിൻ്റെ മാനേജിംഗ് ഡയറക്ടർ ഹരിയോം റായ് അടുത്തിടെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
