കള്ളപ്പണം വെളുപ്പിക്കൽ; മുൻ എൻ.സി.പി എം.പിയുടെ 315 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, സി.ബി.ഐ രജിസ്റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്

  • Post category:national / news
  • Reading time:1 min read
You are currently viewing കള്ളപ്പണം വെളുപ്പിക്കൽ; മുൻ എൻ.സി.പി എം.പിയുടെ 315 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, സി.ബി.ഐ രജിസ്റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്, എൻ.സി.പി ട്രഷററും മുൻ രാജ്യസഭാംഗവുമായ ഈശ്വർലാൽ ശങ്കർലാൽ ജെയിൻ, മകൻ മനീഷ് ഈശ്വർലാൽ ജെയിൻ ലാൽവാനി എന്നിവരുടെ 315 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ ജൽഗാവ്, മുംബൈ, താനെ, സില്ലോഡ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിൽ ഇവർക്കുള്ള 70 സ്ഥാവര സ്വത്തുക്കളും കാറ്റാടി മില്ലുകൾ, വെള്ളി, വജ്രാഭരണങ്ങൾ ഇന്ത്യൻ കറൻസി തുടങ്ങിയ ജംഗമ ആസ്‌തികളും കണ്ടുകെട്ടിയതായി ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമം പ്രകാരം (Prevention of Money Laundering Act (PMLA) ശനിയാഴ്ച്ച ആയിരുന്നു നടപടി.

രാജ്‍മൽ ലഖിചന്ദ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആർ എൽ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്, മൻരാജ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ വഴിയായിരുന്നു തട്ടിപ്പ്. ഇവയുടെ പ്രമോട്ടർമാരായ ഈശ്വർലാൽ ശങ്കർലാൽ ജെയിൻ ലാൽവാനി, മനീഷ് ഈശ്വർലാൽ ജെയിൻ ലാൽവാനി തുടങ്ങിയവർ സമ്പാദിച്ച ബിനാമി സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.

ഈ കമ്പനികൾക്കും അതിൻ്റെ ഡയറക്ടർമാരും പ്രൊമോട്ടർമാർക്കും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഐ.പി.സിയുടെ വിവിധ വകുപ്പുകൾ പ്രകാരം സിബിഐ രജിസ്റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.

ഈ കമ്പനികളും അവയുടെ ഡയറക്ടർമാരും പ്രൊമോട്ടർമാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 352.49 കോടി രൂപയിലധികം പണം വായ്‌പയായി കൈപ്പറ്റിയതായി സി.ബി.ഐ ആരോപിച്ചു. എസ്‌.ബി‌.ഐ വായ്‌പകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനി പ്രൊമോട്ടർമാർ വ്യാജസാമ്പത്തിക വിവരങ്ങൾ സമർപ്പിച്ചതായും കണ്ടെത്തിയിരുന്നു

രാജ്‍മൽ ലഖിചന്ദ് ജ്വല്ലേഴ്‌സ് എസ്‌.ബി‌.ഐക്ക് 206.73 കോടിയുടെയും ആർ.എൽ ഗോൾഡ് 69.19 കോടിയുടെയും മൻരാജ് ജ്വല്ലേഴ്‌സ് 76.57 കോടിയുടെയും നഷ്ടം വരുത്തിയെന്ന് സി.ബി.ഐ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു. വായ്‌പ ലഭിക്കുന്നതിനായി ബാങ്കിൽ ഈടുവെച്ച സ്വത്തുക്കൾ ഈ പ്രമോട്ടർമാർ വിറ്റതായും വായ്‌പ ദുരുപയോഗം ചെയ്‌തതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്.

0Shares