
ചെമ്മീൻ പാകം ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കിയെടുക്കുക എന്നുള്ളതാണ് ടാസ്‌ക്. വിവിധ വലിപ്പത്തിലുള്ള ചെമ്മീൻ ലഭ്യമാണ്. കൈപ്പത്തിയുടെ വലിപ്പമുള്ള കൊഞ്ച് മുതല്‍ പൊടിചെമ്മീൻ വരെ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കും. ഇതില്‍ ക്ലീൻ ചെയ്‌തെടുക്കാൻ ഏറ്റവും പ്രയാസം ചെറിയ ചെമ്മീനാണ്.
താരതമ്യേന വലിപ്പം കുറവുള്ള ചെമ്മീനാകുമ്പോള്‍ അത് നന്നാക്കിയെടുക്കാനുള്ള പ്രയാസം മൂലം അതിൻ്റെ കറുത്ത നാര് കളഞ്ഞ് കറിവയ്‌ക്കാൻ മെനക്കെടാറില്ല. ചെറിയ ചെമ്മീൻ്റെ നാര് കഴിച്ചാലും വലിയ ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന വിലയിരുത്തലാണ് പലര്‍ക്കും.
ചെമ്മീൻ വൃത്തിയാക്കാതെ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ? അറിയാം.
ചെമ്മീനിൻ്റെ മുതുകില്‍ കാണുന്ന കറുത്ത നാര് അതിൻ്റെ നാഡിയാണ്. ഇവയോടൊപ്പം പച്ചകലര്‍ന്ന നാരും ചിലപ്പോള്‍ കാണാൻ സാധിക്കും. അത് ചെമ്മീനിൻ്റെ ശരീരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളുമാണ്.

ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാതിരിക്കുകയോ ഭാഗികമായി നീക്കം ചെയ്‌ത് ആഹാരമാക്കുകയോ ചെയ്യുന്നത് വലിയ അലര്‍ജിക്ക് കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിയുള്ള ആളുകള്‍ ചെമ്മീനിൻ്റെ കറുത്ത നാര് കഴിക്കുമ്പോള്‍ തൊണ്ടവേദന, ശ്വാസതടസം എന്നിവയും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, പൊതുവെ അലര്‍ജിയില്ലാത്ത ആളുകള്‍ക്ക് ഈ പ്രശ്‌നം പ്രഥമദൃഷ്ട്യാ ഉണ്ടാവുകയില്ല. പക്ഷെ, ഈ വിഷവസ്തുക്കള്‍ ശരീരത്തില്‍ ചെന്നാല്‍ അത് ദഹന വ്യവസ്ഥയെയും കുടലിൻ്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ചിലരില്‍ നേരിയ വയറുവേദന അനുഭവപ്പെടാവുന്നതാണ്. മറ്റ് ചിലരില്‍ വേദനകള്‍ ഒന്നും തന്നെ പ്രകടമാകുകയില്ല. പക്ഷെ ശരിയായ വിധം ക്ലീൻ ചെയ്തെടുക്കാത്ത ചെമ്മീൻ നിരന്തരമായി കഴിക്കുന്നത് മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ പതിയെ ആരംഭിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അതുകൊണ്ട് ചെമ്മീൻ ആഹാരമാക്കുന്ന ഏതൊരാളും അവയുടെ കറുത്ത നാരും പച്ചകലര്‍ന്ന വിസര്‍ജ്ജ്യവും കളഞ്ഞതിന് ശേഷം പാകം ചെയ്‌ത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
