
മോസ്കോ: റഷ്യയെ നടുക്കി ഭൂകമ്പ പരമ്പര. ഒരു മണിക്കൂറിൽ 5 ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം സുനാമി മുന്നറിയിപ്പിനും കാരണമായി. വെള്ളത്തിനടിയിലുള്ള ഭൂകമ്പം പസഫിക് സമുദ്രത്തിലുടനീളം ഹ്രസ്വകാല സുനാമി മുന്നറിയിപ്പുകൾക്ക് കാരണമായി എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭൂകമ്പത്തെ തുടർന്ന് റഷ്യയിൽ എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നതിൽ വ്യക്തതയില്ല. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായാണ് വിവരം. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുനാമി ഉണ്ടായാലും കരയിലേക്ക് വലിയ ബുദ്ദിമുട്ട് ഉണ്ടാക്കുകയില്ല എന്ന റിപ്പോർട്ടും ചില മാധ്യമങ്ങൾ പങ്കുവെക്കുന്നു. ജപ്പാൻ, റഷ്യ, ഹവായ്, പസഫിക് ദ്വീപുകൾ, വടക്കൻ മരിയാനാസ്, വേക്ക് ഐലൻഡ് എന്നിവയുടെ തീരങ്ങൾക്കുള്ള അപകട സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പും വന്നിട്ടുണ്ട്.
