അതിവേഗ പാതയില്‍ ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം; സര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്‌തു കൊടുക്കുമെന്ന് ഇ.ശ്രീധരന്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing അതിവേഗ പാതയില്‍ ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം; സര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്‌തു കൊടുക്കുമെന്ന് ഇ.ശ്രീധരന്‍

കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാഷ്‌ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും മെട്രോമാൻ ഇ.ശ്രീധരൻ. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ച കെ-റെയില്‍ പദ്ധതി പ്രായോഗികമല്ല. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തിന് അനുയോജ്യം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്താമെന്നും ശ്രീധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പൊന്നാനിയിലെത്തി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീധരൻ്റെതെന്ന പേരില്‍ പ്രസ്‌താവന പുറത്തുവന്നു. ഇതില്‍ വ്യക്തത വരുത്തിയാണ് ശ്രീധരൻ വിശദീകരിച്ചത്. കെ-റെയില്‍ പദ്ധതിയില്‍ മാറ്റം വേണമെന്ന് വ്യക്തമാക്കുന്ന ശ്രീധരൻ്റെ റിപ്പോര്‍ട്ട് കെ.വി തോമസ് വഴി മുഖ്യമന്ത്രിക്ക് കൈമാറി.

ആദ്യം സെമി ഹൈസ്‌പീഡ് റെയില്‍ ആണ് വേണ്ടതെന്നും പിന്നീട് ഇത് ഹൈസ്‌പീഡാക്കാമെന്നും ശ്രീധരൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കണം. നിലവിലെ കെ- റെയില്‍ പദ്ധതിപ്രകാരം ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനാവില്ല.

ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാല്‍ മാത്രമേ ഇതിന് സാദ്ധ്യമാവുകയുള്ളൂ. മംഗലാപുരം ഉള്‍പ്പെടെ കേരളത്തിന് പുറത്തേയ്ക്കും ഹൈസ്‌പീഡ് പാത നീട്ടിയാല്‍ മാത്രമേ പദ്ധതി പ്രായോഗികം ആവുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ പാതക്ക് സമാന്തരമായും ഭൂമിയ്ക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ്
കെ-റെയിലിൻ്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കുന്നത് പ്രായോഗികമല്ല. ആയിരക്കണക്കിന് പേരെ പുനഃരധിവസിപ്പിക്കേണ്ടി വരും.

ഇരുഭാഗത്തും ഉയരത്തില്‍ മതില്‍ക്കെട്ടി വേര്‍തിരിക്കുന്നതിനാല്‍ പ്രാദേശിക യാത്രയെയും ചുറ്റുപ്പാടിനെയും ബാധിക്കും. മൂവായിരത്തില്‍ അധികം പാലങ്ങള്‍ വേണ്ടിവരും കെ-റെയില്‍ നിര്‍മിക്കാൻ. ഇതിനുള്ള ചെലവുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ-റെയിലിന് കേന്ദ്രത്തിൻ്റെ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും റിപ്പോര്‍ട്ടില്‍ ശ്രീധരൻ ചൂണ്ടിക്കാട്ടി.

0Shares