
സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കെ-റെയിൽ മികച്ച പദ്ധതിയായിരുന്നുവെങ്കിൽ കൂടെ നിൽക്കുമായിരുന്നുവെന്നും ഇ ശ്രീധരൻ. പദ്ധതിയുടെ ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. പദ്ധതിയിൽ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയെന്നും ഇ.ശ്രീധരൻ ആരോപിച്ചു.

നിശ്ചിത കാലയളവിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാവില്ല. പദ്ധതിയിൽ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. സിൽവർ ലൈൻ പൂർണമായും പരിസ്ഥിതിക്ക് എതിരാണ്. പാരിസ്ഥിതിക – സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. കേരളത്തിന് കുറുകെ ചൈന വൻമതിൽ പോലെയുള്ള നിർമിതിയായി ഇത് മാറുമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്നു ഇ. ശ്രീധരൻ. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി പാഠം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
