
ബി.ജെ.പി വഴി ഇ ശ്രീധരന്‍റെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്തെ ഏതാനും സീറ്റുകളിലൊഴികെ ബി.ജെ.പി ഒരു പ്രധാന കക്ഷി അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരന്‍റെ സ്വാധീനം ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുമെന്നും ശശി തരൂർ പറഞ്ഞു.

ഇ.ശ്രീധരന് എഞ്ചിനീയറിംഗ് പ്രോജക്ടുകൾ നടപ്പിലാക്കി ദീർഘനാളത്തെ പരിചയമുണ്ട് എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ നയങ്ങൾ രൂപീകരിക്കുകയോ നടപ്പാക്കുകയോ ചെയ്ത് പരിചയമില്ല. അത് വളരെ വ്യത്യസ്തമായ ഒരു ലോകമാണ് അതിനാൽ തന്നെ ശ്രീധരന്‍റെ രാഷ്ട്രീയ പ്രവേശനം തന്നെ ആശ്ചര്യപ്പെടുത്തി എന്നും തരൂർ പറഞ്ഞു.
തനിക്ക് തന്നെ അമ്പത്തിമൂന്നാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, തനിക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും താൻ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നുവെന്നും അപ്പോൾ പിന്നെ 88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് താൻ എന്ത് പറയാനാണെന്നും ശശി തരൂർ ചോദിക്കുന്നു.
