
കാസർകോട്: ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, കാസർകോട് സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ മെഗാ രക്തദാന ക്യാമ്പ് ആരംഭിച്ചു. സംസ്ഥാന വ്യാപകമായാണ് ഡി.വൈ.എഫ്.ഐ രക്തദാനം നടത്തുന്നത്. ബേഡകം ബ്ലോക്കിലെ 38 പേർ കാസര്‍കോട് ജനറൽ ആശുപത്രിയിൽ ഇന്ന് രക്തം ദാനം ചെയ്തു.
മെയ് 1മുതൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചാൽ രക്തം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യാനുസരണം രക്തം ലഭിക്കാതിരിക്കുകയും ശസ്ത്രക്രിയകൾ വരെ മുടങ്ങുമെന്നതിനാൽ ബ്ലഡ് ബാങ്കുകളിൽ രക്ത ദൗർബല്യം നേരിടാതിരിക്കാനാണ് മെഗാ ക്യാമ്പിലൂടെ രക്തദാനം ചെയ്യുന്നത്.

26 ന് ഉദുമ ബ്ലോക്ക് പരിധിയിലെ യുവജനങ്ങൾ രക്തദാനം നടത്തിയിരുന്നു. 27 ന് ബേഡകം ബ്ലോക്കും 28 ന് കാറഡുക്ക ബ്ലോക്കും രക്തദാനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി സി.ജെ സജിത് ചാനൽ ആർ.ബിയോട് പറഞ്ഞു. വരുംദിവസങ്ങളിൽ ജില്ലയിലെ 12 ബ്ലോക്കിലെയും യുവതീയുവാക്കൾ രക്തദാന മഹായജ്ഞത്തിൽ പങ്കാളികളാകും. വർഷങ്ങളായി ‘ഐ ഡൊണേറ്റ്’ എന്ന പേരിൽ രക്തം നൽകുന്ന ക്യാമ്പയിൻ നടന്നു വരുന്നുണ്ട്.
പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് രണ്ട് മാസം മുമ്പ് നടത്തിയിരുന്നു. കൂടാതെ കൊവിഡ് ചികിത്സയ്ക്ക് അത്യാവശ്യക്കാർക്ക് പ്ലാസ്മ ഏത് സാഹചര്യത്തിലും നൽകുന്നുണ്ടെന്നും സി.ജെ സജിത് പറഞ്ഞു. 27 ന് രാവിലെ കാസര്‍കോട് നടന്ന ക്യാമ്പിൽ ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്. അനിൽ കുമാർ, പ്രദീപ് കൊളത്തൂർ, രമേശ് ജയപുരം, വിജേഷ് പാലാർ, സുജി ചേടിക്കുണ്ട്, മിനിത കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.
