രചിക്കപ്പെടുന്നത് പുതുചരിത്രം; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു

  • Post category:news
  • Reading time:2 mins read
You are currently viewing രചിക്കപ്പെടുന്നത് പുതുചരിത്രം; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോള്‍ രചിക്കപ്പെടുന്നത് പുതു ചരിത്രമാണ്. ഒഡീഷയിലെ സന്താള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി.

കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചു. 771 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. അഞ്ചു പേര്‍ പങ്കെടുത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4025 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. ആകെ വോട്ടിങ് 99.18 ശതമാനമായിരുന്നു.

കേരളം, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറു ശതമാനം വോട്ടും രേഖപ്പെടുത്തി. വിവിധ നിയമസഭകളില്‍ നിന്നുള്ള ബാലറ്റു പെട്ടികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റിലെത്തിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോഡിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റ് എന്ന നിലയിലും രണ്ടാമത്തെ വനിതാ രാഷ്ട്രപതി എന്ന നിലയിലും മുര്‍മു ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ദ്രൗപതി മുര്‍മുവിനെ ഒരു സാധാരണ സ്ത്രീ കഠിനമായ വഴികള്‍ പിന്നിട്ട് രാഷ്ട്രപതി ഭവനിലേക്ക് എത്തുമ്പോള്‍ അത് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിൻ്റെ കൂടെ നേട്ടമാണ്.

ഉപര്‍ഭേദയിലെ അവരുടെ ഗ്രാമത്തില്‍ ആദ്യമായി കോളജ് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളില്‍ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുര്‍മു റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വറിലെ രമാ ദേവി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. പിന്നീട് സ്‌കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.

1997ല്‍ മുര്‍മ്മു റായ്‌റംഗ്പൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായി. അക്കാലത്ത് ഒഡീഷയില്‍ മികച്ച നേതാക്കളെ തേടിയിരുന്ന ബി.ജെ.പിക്ക് ദ്രൌപദി മുര്‍മു മുതല്‍ക്കൂട്ടായി. ബി.ജെ.ഡി – ബി.ജെ.പി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുര്‍മു ഒഡീഷയില്‍ എം.എല്‍.എ ആയി. നാല് വര്‍ഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാന്‍സ്‌പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജാര്‍ഖണ്ഡ് ഗവര്‍ണറായി ആയിട്ടാരുന്നു മുര്‍മുവിന്റെ തിരിച്ച് വരവ്. ജാര്‍ഖണ്ഡിലെ ഭൂ നിയമങ്ങള്‍ക്കെതിരായ ആദിവാസി സമരങ്ങള്‍ക്കിടെയായിരുന്നു ദ്രൗപദി മുര്‍മു ഗവര്‍ണറായി എത്തിയത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ഒപ്പ് വയ്ക്കാതെ മടക്കി അയച്ച ചരിത്രവും മുര്‍മുവിനുണ്ട്.

0Shares