Categories
Kerala national news trending

രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും; മാസം അഞ്ചുലക്ഷം ശമ്പളം, 10 കോടിയുടെ കാര്‍, ബോയിങ് 777 വിമാനം കൂടുതൽ അറിയാം

ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാര്‍ലമെണ്ട് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ, നമ്മുടെ അഭിമാനമായ പരമോന്നത പദവിയിലിരിക്കുന്നത് രാഷ്ട്രപതി. ആ പദവിക്ക് ചേരുന്ന ഉന്നത വേതനവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമുണ്ട്.

ശമ്പളം: പ്രതിമാസം അഞ്ചുലക്ഷം രൂപ. മുമ്പ് ഒന്നരലക്ഷം രൂപയായിരുന്നു. 2016ലാണ് വര്‍ധിപ്പിച്ചത്.

ഔദ്യോഗിക വസതി: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനിലാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ താമസം. 1929 ല്‍ നിര്‍മാണം പൂര്‍ത്തിയായ രാഷ്ട്രപതി ഭവൻ്റെ ശില്‍പി ബ്രിട്ടീഷ് വാസ്തുവിദഗ്ധന്‍ എഡ്വിന്‍ ല്യൂട്ടെന്‍സാണ്. ഈ വസതിയിൽ 340 മുറികളുണ്ട്. ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്ത് റെയ്‌സിന കുന്നില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവന്‍ 320 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പ്രസിഡന്‍ഷ്യല്‍ എസ്റ്റേറ്റിൻ്റെ ഭാഗമാണ്.

രാഷ്ട്രപതി ഭവന് പുറമേ ഷിംലയിലുള്ള റിട്രീറ്റ് ബില്‍ഡിങ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയായും ഹൈദരാബാദിലെ രാഷ്ട്രപതി നിലയം ശൈത്യകാല വസതിയായും പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ചതാണ്.

വാഹനം: പത്ത് കോടിയോളം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് എസ്- 600 പുള്‍മാന്‍ ഗാര്‍ഡ് കാറാണ് ഔദ്യോഗിക വാഹനം. പ്രത്യേക സുരക്ഷ സംവിധാനങ്ങളുള്ള വാഹനത്തിന് സ്ഫോടനം വരെ ചെറുക്കാന്‍ ശേഷിയുണ്ട്. സുരക്ഷ കാരണങ്ങളാല്‍ ഈ കാറിൻ്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. നമ്പര്‍ പ്ലേറ്റിന് പകരം അശോകസ്തംഭമാണ്.

യാത്രാ വിമാനം: ഇന്ത്യ പുതുതായി വാങ്ങിയ ബോയിങ് 777 എയര്‍ ഇന്ത്യ വണ്ണിലാണ് രാഷ്ട്രപതിയുടെ ആകാശ യാത്രകള്‍. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന രണ്ട് എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ക്കായി ആകെ 8400 കോടിയാണ് ചെലവ് വരുന്നത്.

അംഗരക്ഷകര്‍: മൂന്ന് സായുധ സേനകളുടെയും അധിപനായ രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് പ്രതിരോധ നിരയില്‍ ഉന്നത സ്ഥാനത്തുള്ള ‘പ്രസിഡണ്ട്സ്‌ ബോഡിഗാര്‍ഡ്സ്’ (പി.എസ്.ജി) സംഘമാണ്. വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍: വിരമിച്ച ശേഷം രണ്ടരലക്ഷം രൂപ പെന്‍ഷനായി ലഭിക്കും. എല്ലാ സൗകര്യങ്ങളും കൂടിയ വാടകരഹിത വസതിയും സഹായത്തിനായി അഞ്ച് ജീവനക്കാരെയും നല്‍കും.

ആജീവനാന്തം ചികിത്സ സൗജന്യമാണ്. തീവണ്ടിയിലോ വിമാനത്തിലോ പങ്കാളിയുമൊത്തുള്ള യാത്രയും സൗജന്യമാണ്. കൂടാതെ രണ്ട് ലാൻഡ് ഫോണുകളും ഒരു മൊബൈല്‍ ഫോണും നല്‍കും.

രാഷ്ട്രപതിയുടെ അധികാരങ്ങള്‍: രാഷ്ട്രത്തലവനെന്ന നിലയില്‍ വിപുലമായ അധികാരങ്ങള്‍ രാഷ്ട്രപതിക്കുണ്ട്. എങ്കിലും, ഇതില്‍ പല അധികാരങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌ മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാര്‍ലമെണ്ട് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്. കാബിനറ്റ് നിര്‍ദേശപ്രകാരം ലോക്‌സഭ പിരിച്ചുവിടാന്‍ അധികാരമുണ്ട്.

മൂന്ന് സായുധസേനകളുടെയും തലവനാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഓര്‍ഡിനന്‍സ് പുറത്തിറക്കാനും ദയാഹരജിയില്‍ തീരുമാനമെടുക്കാനും അധികാരം നൽകുന്നു. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താം. കാലാവധിക്ക് മുമ്പ് സ്ഥാനമൊഴിയുക ആണെങ്കില്‍ രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ഉപരാഷ്ട്രപതിക്കാണ്. എന്നാല്‍, രാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ അനുച്ഛേദം 61 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest