
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോണ്‍ഗ്രസിൻ്റെ 138-ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിൻ്റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തില്‍ വരാനെ ഉപകരിക്കു. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിൻ്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും.

മതത്തിൻ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പയറ്റുന്നത്. പൗരൻ്റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബി.ജെ.പി ഇല്ലായ്മ ചെയ്യുകയാണ്. ഭാഷയുടെയും വര്‍ഗ്ഗത്തിൻ്റെയും വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും മതത്തിൻ്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വെെവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്നും എ.കെ ആന്റണി പറഞ്ഞു.
