
തിരുവനന്തപുരം: ഗവർണർക്കെതിരായ ധർണയിൽ ഡി.എം.കെയും പങ്കെടുക്കും. 15ന് നടക്കുന്ന രാജ്ഭവൻ ധർണയിലാണ് ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയാണ് പങ്കെടുക്കുക. സീതാറാം യെച്ചൂരിയും ധർണയ്ക്ക് എത്തും. സി.പി.എം സംസ്ഥാന സമിതിയിലാണ് തീരുമാനം. സംസ്ഥാന സമിതിയിൽ ഗവർണർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു.
സമാന പ്രശ്നം അനുഭവിക്കുന്ന തമിഴ്‌നാടിനെ ഉൾപ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കും.

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമ നിർമാണത്തിനും സി.പി.എം ആലോചിക്കുന്നുണ്ട്. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.
ചാൻസലർ പദവിയാണ് ഗവർണറുടെ അമിതാധികാര പ്രവണതയ്ക്ക് കരുത്ത് നൽകുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമം വേണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് ആലോചന. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന തോന്നലുള്ളതിനാൽ ബിൽ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.
