
രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്‌റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകൾ വാക്‌സിൻ സൂക്ഷിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.

കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാകസിൻ സംഭരണശാലകൾ തയ്യാറായിട്ടുണ്ട്. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാകസിൻ എത്തും. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ല. മുൻഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങൾ ആപ്പിൽ ഉണ്ടാകും.
കൊവിഡ് മുന്നണി പോരാളികളായ ആദ്യ ഘട്ട വാകസിൻ സ്വീകരിക്കേണ്ടവർ സ്വയം ആപ്പിൽ വിവരങ്ങൾ നൽകേണ്ടതുണ്ട്. ഡ്രൈറണ്ണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
