കര്‍ണാടക- കേരള അതിര്‍ത്തിയായ പാണത്തൂരില്‍ തര്‍ക്കം പരിഹരിക്കണം; നിർദേശവുമായി വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം

  • Post category:local news
  • Reading time:2 mins read
You are currently viewing കര്‍ണാടക- കേരള അതിര്‍ത്തിയായ പാണത്തൂരില്‍ തര്‍ക്കം പരിഹരിക്കണം; നിർദേശവുമായി വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം

കാസർകോട്: കര്‍ണാടക – കേരള അതിര്‍ത്തിയില്‍ പാണത്തൂരില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യു ഡിപാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗം വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ വച്ച് ചേര്‍ന്നു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ പി.വി. മുരളി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി , ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, സി.പി. ബാബു, ടി.പി. തമ്പാന്‍, എം.വി. കൃഷ്ണന്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരപ്പ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. വെള്ളരിക്കുണ്ട് താലൂക്കിനു സമീപം ബസ് സ്റ്റോപ്പ് സ്ഥാപിക്കാന്‍ പി. ഡബ്ബ്യൂ. ഡി , ആര്‍.ടീ.ഒ , ബളാല്‍ പഞ്ചായത്തും സംയുക്തമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. പരപ്പയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വെള്ളരിക്കുണ്ടിലെ തുറന്നു കിടക്കുന്ന ഓടകളില്‍ സ്ലാബ് ഇടണമെന്ന് സമിതി പി.ഡബ്ല്യൂ. ഡിയോട് ആവശ്യപ്പെട്ടു. കോളിച്ചാല്‍ ടൗണില്‍ പി.ഡബ്യു.ഡി ഭൂമിയിലെ കയ്യേറ്റം തടയാനുള്ള നടപടികള്‍ എടുക്കാന്‍ ആവശ്യമുയര്‍ന്നു. ലാന്‍ഡ് ബാങ്ക് വഴി ഭൂമി ലഭിക്കാനുള്ളവര്‍ക്ക് അടിയന്തരമായി ഭൂമി നല്കാനുള്ള നടപടികള്‍ ഉണ്ടാകണം. നിലവിലുള്ള 1200 ഓളം അപേക്ഷകര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. 69 പേര്‍ക്ക് ഭൂമി നല്കിയതായി അറിയിച്ചു.

വെള്ളരിക്കുണ്ട് ആര്‍. ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ടിനു സമീപം ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം ഇതിനായി ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അറിയിച്ചു . കുമ്പളപ്പള്ളി വയോജന കേന്ദ്രത്തിനു വൈദ്യുതി ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വയോജന കേന്ദ്രം ഉടന്‍ തുറന്നു കൊടുക്കുമെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.

താലൂക്കിലെ വൈദ്യൂത പ്രശ്‌നത്തിനു പരിഹാരം കാണാന്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , ബിരിക്കുളം കേന്ദ്രീകരിച്ച് താലൂക്കില്‍ ഒരു ഫയര്‍ സ്റ്റേഷന്‍, കെ. എസ്. ആര്‍. ടി. സി യുടെ ഒരു സബ് ഡിപ്പോ തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. മലയോര ഹൈവേയില്‍ കോളിച്ചാല്‍- ചെറുപുഴ റൂട്ടില്‍ പണി പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നു.

0Shares