ദിലീപിൻ്റെ കൂടെയിരുന്ന് ചായ കുടിക്കാന്‍ പോയതല്ല; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്ന് രഞ്ജിത്ത്

  • Post category:entertainment
  • Reading time:1 min read
You are currently viewing ദിലീപിൻ്റെ  കൂടെയിരുന്ന് ചായ കുടിക്കാന്‍ പോയതല്ല; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്ന് രഞ്ജിത്ത്

നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ദിലീപും രഞ്ജിത്തും ഒരുമിച്ച് പങ്കെടുത്തത്. താന്‍ പോയത് ഫിയോക്കിൻ്റെ പരിപാടിക്കാണെന്നും ദിലീപിൻ്റെ വീട്ടിലോ ഒന്നിച്ച് കാപ്പി കുടിക്കാനോ അല്ലെന്നും അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫിയോക്കിൻ്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താന്‍ പോയത്. ആ സംഘടനയുടെ ചെയര്‍മാന്‍ ദിലീപ് ആണ്. തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിൻ്റെ സെക്രട്ടറിയാണ്.

പാലായിലെ തിയേറ്ററിൻ്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് ചെന്നത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ മുഖമാണെങ്കിലും സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വേദിയില്‍ പറഞ്ഞു.

0Shares