
ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പുതിയ ആരോപണം. ഓൺലൈൻ വെബ്സൈറ്റിലെ ലേഖനത്തിൻ്റെ ഭാഗങ്ങൾ പ്രബന്ധത്തിൽ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം ചിന്ത കോപ്പി അടിച്ചതാണെന്നും ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി.
സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. സ്കൂൾ കുട്ടികൾ പോലും വരുത്താത്ത തെറ്റാണ് ചിന്ത വരുത്തിയിരിക്കുന്നത്. ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവിൻ്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻ്റെയും രജ്ഞിത്തിൻ്റെയും സിനിമകൾ എന്നൊക്കെ പറഞ്ഞുവരുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രതിപാദിച്ചത്. ഇവിടെയാണ് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നെഴുതിയത്.
