
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറി നടത്തിയതില്‍ നടപടി. ഡോക്ടറെ സസ്‌പെണ്ട് ചെയ്‌തു. ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെണ്ട് ചെയ്‌തത്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വശിയുടെ മകളായ നാല് വയസുകാരിക്ക് ആയിരുന്നു മാറി ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞിൻ്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയക്ക് ആണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയ മാറി നടത്തിയതിന് പിന്നാലെ മറ്റൊരു കുഞ്ഞിൻ്റെ ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞിരുന്നു. ഡോക്ടറെ സസ്‌പെണ്ട് ചെയ്യണമെന്നും കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
