പാകിസ്ഥാൻ രൂപീകരിക്കാൻ പ്രചോദനമായി; കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല

  • Post category:national / news
  • Reading time:1 min read
You are currently viewing പാകിസ്ഥാൻ രൂപീകരിക്കാൻ പ്രചോദനമായി; കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല

കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് പ്രതിപാദിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ അധ്യായം നീക്കം ചെയ്യാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. ഇതുസംബന്ധിച്ച പ്രമേയം കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ പാസാക്കി.

മുഗള്‍ ചരിത്രമടക്കം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഡൽഹി സർവകലാശാലയുടെയും നീക്കം. ബി.എ ആറാം സെമസ്റ്ററില്‍ പഠിക്കാനുള്ള ‘Modern Indian Political Thought’ എന്ന അധ്യായത്തിലാണ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ‘സാരെ ജഹാന്‍ സേ അച്ഛാ’ എന്ന ഗാനം രചിച്ചത് ഇദ്ദേഹമായിരുന്നു. ഈ ഗാനമാണ് പാകിസ്ഥാൻ രൂപീകരിക്കാൻ പ്രചോദനമായതെന്നാണ് സര്‍വകലാശാലയുടെ വാദം.

ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറ പാകിയവര്‍ സിലബസില്‍ ഉണ്ടാകരുതെന്നും, ഇവർക്ക് പകരം അംബേദ്കര്‍ അടക്കമുള്ളവരെ പഠിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും പ്രമേയം അവതരിപ്പിച്ചതിനു ശേഷം വൈസ് ചാന്‍സലര്‍ പ്രൊഫ.യോഗേഷ് സിംഗ് പറഞ്ഞു. ‘ഇഖ്ബാലാണ് ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ രൂപീകരിക്കണമെന്ന ആശയം ആദ്യം ഉന്നയിച്ചത്. ഇത്തരത്തിൽ ഉള്ളവരെ പഠിപ്പിക്കുന്നതിന് പകരം നമ്മുടെ ദേശീയ നായകന്മാരെ പഠിക്കണം’ എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

അക്കാദമിക് കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. പാഠഭാഗം നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു മുന്നില്‍ വിഷയം അവതരിപ്പിക്കും. വിസി ഉൾപ്പെടെയുള്ള അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മറ്റിയുടേതാണ് നിര്‍ദേശം.

പാര്‍ട്ടീഷന്‍ സ്റ്റഡീസ്, ഹിന്ദു സ്റ്റഡീസ്, ട്രൈബല്‍ സ്റ്റഡീസ് എന്നിവയ്ക്കായി പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. എന്നാൽ അഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ വിഭജന പഠന നിര്‍ദ്ദേശത്തെ എതിര്‍ത്തിട്ടുണ്ട്. പഠനം ‘ഭിന്നിപ്പിക്കല്‍’ ആണെന്നും ഈ അംഗങ്ങള്‍ ആരോപിച്ചു. അക്കാദമിക്, എക്സിക്യൂട്ടീവ് കൗണ്‍സിലുകളുമായി ചര്‍ച്ച ചെയ്യാതെ കോളേജുകള്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാല വിജ്ഞാപനത്തിനെതിരെയും അംഗങ്ങള്‍ പ്രതിഷേധിച്ചു.

0Shares