നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; ദിലീപിൻ്റെ വി.ഐ.പി സുഹൃത്ത് അറസ്റ്റിൽ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; ദിലീപിൻ്റെ വി.ഐ.പി സുഹൃത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ സുഹൃത്ത് ശരത്ത് അറസ്റ്റിലെന്ന് റിപ്പോർട്ട്. തുടർ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശരത് അറസ്റ്റിലാകുന്നത്. കേസിലെ തെളിവുകൾ നശിപ്പിച്ചെന്ന കുറ്റത്തിനാണ് ശരത്തിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ ദിലീപിൻ്റെ വീട്ടിലെത്തിച്ചത് വി. ഐ. പി സുഹൃത്തായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നേരത്തെ തെളിഞ്ഞിരുന്നു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ തെളിവുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച നടന്ന ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു,​ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷൻ്റെ പക്കലുള്ളതെന്നാണ് കോടതി ഹർജി പരിഗണിക്കവേ ചോദിച്ചത്. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്. പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.അതേസമയം,​ കോടതി രേഖകൾ ചോർന്നുവെന്ന ആരോപണത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷവിമർശനം കോടതി ഉയർത്തി. കോടതിയെ പുകമറയ്‌ക്കുള്ളിൽ നിറുത്താൻ ശ്രമിക്കരുതെന്നും പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.

0Shares