
പരീക്ഷാഹാളില്‍ അഞ്ജു പി.ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. എന്നാല്‍, അന്വേഷണം തുടരുന്നെന്നും ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.

കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുത് എന്നാണ് സര്‍വകലാശാല നിയമം. അതിനാല്‍ അഞ്ജുവിനെ ഒരുമണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി കണ്ടെത്തി. അതേസമയം അഞ്ജുവിന്‍റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു.
പരീക്ഷാ ദിവസം ഹാൾടിക്കറ്റിന്‍റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിൻേറതാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഇതിനായി അഞ്ജുവിന്‍റെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പോലീസ് ശേഖരിച്ചു.
