റോയിട്ടേഴ്‌സിലെ ജീവനക്കാരിയായ കാസർകോട് സ്വദേശിനിയുടെ മരണം; ഭര്‍ത്താവിനെ കണ്ടെത്താനാവാതെ പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing റോയിട്ടേഴ്‌സിലെ ജീവനക്കാരിയായ കാസർകോട് സ്വദേശിനിയുടെ മരണം; ഭര്‍ത്താവിനെ കണ്ടെത്താനാവാതെ പോലീസ്

മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴിസിലെ ജീവനക്കാരിയായ കാസർകോട് സ്വദേശിനി ശ്രുതി നാരായണനെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പുകയാണ് ബെംഗളൂരു പോലീസ് . നരഹനഹള്ളിയിലെ തങ്ങളുടെ അടച്ചിട്ട അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതി നാരായണനെ(35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്ത് (42) ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ശ്രുതിയുടെ ബന്ധുക്കള്‍ അനീഷിന് എതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് നല്‍കുന്ന വിവരം.

ഇയാളെ കണ്ടെത്തി ചോദ്യംചെയ്താലേ കേസില്‍ തുടര്‍നടപടിയുണ്ടാകൂ എന്ന നിലപാടാണ് പൊലീസിനുള്ളത്. ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ബന്ധുക്കളുടെ പരാതിയില്‍ അനീഷിനെതിരെ ബെംഗളൂരു പോലീസ്കേസെടുത്തിരുന്നു. ഭര്‍ത്താവിൻ്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും.

ശ്രുതിയെ ഭര്‍ത്താവ് അനീഷ് നിരന്തരം മര്‍ദിച്ചിരുന്നു എന്നും ബെംഗളൂരു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്നും എഫ്ഐആറില്‍ പരാമര്‍ശം ഉണ്ട്. ശ്രുതിയെ നിരീക്ഷിക്കാന്‍ മുറിക്കുളില്‍ സി.സി.ടി.വി ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു എന്നും എഫ്ഐആര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പണത്തിന് വേണ്ടി ഭര്‍ത്താവ് അനീഷ് ശ്രുതിയെ നിരന്തരം പീഡിപ്പിച്ചിരുന്നവെന്ന് സഹോദരനും ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ തന്നെ പീഡനം ആരംഭിച്ചിരുന്നെങ്കിലും വീട്ടുകാരോട് ശ്രുതിയൊന്നും പറഞ്ഞിരുന്നില്ല. നാല് വര്‍ഷത്തോളം ഇക്കാര്യങ്ങള്‍ ശ്രുതി സഹിക്കുകയായിരുന്നു.

മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിച്ചു അവള്‍ കഴിയുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ലൈഫ് ഇങ്ങനെയല്ലേ അതുകൊണ്ട് ഒന്നു കൂടി ശ്രമിക്കാമെന്നാണ് ശ്രുതി പറഞ്ഞത്. അനീഷിൻ്റെ പീഡനമാണ് സഹോദരിക്ക് ഈ ഗതിയുണ്ടാക്കിയത് എന്നുമായിരുന്നു ശ്രുതിയുടെ സഹോദരൻ്റെ പ്രതികരണം.

0Shares