
കാസർകോട്: പാമ്പുകടിയേറ്റ് കാസര്‍കോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശിനി അർച്ചന എ.വി മരണപ്പെട്ട സംഭവത്തിൽ ചികിത്സ വൈകിപ്പിച്ച ഡോകട്ർക്കെതിരെ നിയമനടപടി സ്വീകരിക്കണമെനാവശ്യപ്പെട്ട് തീയ്യക്ഷേമസഭ ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകി.
ജൂലൈ 21ന് വൈകുന്നേരം അണലിയുടെ കടിയേറ്റ അർച്ചനയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അരമണിക്കൂറോളം കാഷ്വാലിറ്റിയിൽ വെറുതെ കിടത്തുകയും ഏകദേശം മൂന്നര മണിക്കൂറിന് ശേഷം, ബ്ലഡിൽ പൂർണമായും വിഷം വ്യാപിച്ചുകഴിഞ്ഞ റിസൾട്ട് കിട്ടിയതിന് ശേഷം മാത്രമാണ് ആന്റിവെനം നൽകിയത്. ഇതിനിടയിൽ ഐ.സി. യുവിൽ പാമ്പുകടിയേറ്റ ആൾക്ക് തുടർച്ചയായി ഛർദിയും വയറിളക്കവും ഉണ്ടായി.

പിറ്റേദിവസം രാവിലെ വിഷം പൂർണമായും ശരീരത്തിൽ വ്യാപിക്കുകയും കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ചതായും പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകുവാൻ ഡോക്ടർ നിർദേശിക്കുകയും ചെയ്തു.
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം അവിടെ നിന്ന് കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലേക്ക് റെഫർ ചെയ്തു. രോഗിയുടെ കടിയേറ്റ കാലിൽ അണുബാധ ബാധിച്ചത് കാരണം കാൽ സർജറി ചെയ്തു.
പിറ്റേന്ന് സ്ഥിതി കൂടുതൽ വഷളായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും കൊറോണ രോഗികൾ അധികരിച്ച അവസ്ഥയിൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിക്കുവാൻ നിർദേശിച്ചതിനാൽ അവിടെ എത്തിക്കുകയും ചെയ്തു. എന്നാൽ സ്ഥിതി വഷളായ രോഗി 13 ദിവസത്തിന് ശേഷം ആഗസ്ത് 2ന് മരണപ്പെടുകയാണുണ്ടായത്.
ആദ്യം എത്തിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയും നിരുത്തരവാദിത്വവും കാരണമാണ് വിഷം വ്യാപിച്ച് യുവതിയുടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചതും, അരക്കെട്ടുവരെ കാൽ മുറിച്ച് മാറ്റേണ്ടി വന്നതും ഒടുവിൽ മരണത്തിൽ കലാശിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
യുവതിക്ക് ചികിത്സ വൈകിക്കാനിടയായ സാഹചര്യവും, ദുരന്തകരമായി മരണത്തിലേക്ക് നയിച്ചതും അന്വേഷണം നടത്തി ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവുണ്ടാവണമെന്ന് തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
