കോട മഞ്ഞില്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ട് ഹെലികോപ്ടര്‍ മരത്തില്‍ തട്ടി; ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 മരണം

  • Post category:news
  • Reading time:1 min read
You are currently viewing കോട മഞ്ഞില്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ട് ഹെലികോപ്ടര്‍ മരത്തില്‍ തട്ടി; ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 മരണം

വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.
ഹെലികോപ്ടറില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപെട്ടത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ഊട്ടിയ്ക്കടുത്ത് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് 12.20 നാണ് അപകടമുണ്ടായത്. 11.47 ന് സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടടുത്ത വെല്ലിങ്ടണ്‍ ഡിഫന്‍സ് കോളജിലേക്ക് പോയ എം.ഐ 17 വി5 എന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. കോളജില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ബിപിന്‍ റാവത്ത് അവിടേക്ക് തിരിച്ചത്.

ലാന്‍ഡിംഗിന് മിനിട്ടുകള്‍ക്കു മുമ്പാണ് അപകടം. കോട മഞ്ഞില്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ട് ഹെലികോപ്ടര്‍ മരത്തില്‍ തട്ടിയാണ് തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടര്‍ അഗ്‌നി ഗോളമായി താഴേക്ക് പതിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.


ബിപിന്‍ റാവത്ത് ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലീഡ്ഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹജീന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായികുമാരായ വിവേക് കുമാര്‍, സായി തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരടക്കമാണ് 14 പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നത്.

ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പിന്നീട് സൈനിക സംഘങ്ങള്‍ അപകട സ്ഥലത്ത് പാഞ്ഞെത്തി. വ്യോമസേന ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കരസേനാ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബര്‍ 30 നാണ് സംയുക്ത സൈനിക മേധാവിയായി നിയമിതനായത്. 2019 ഡിസംബര്‍ 31 ന് കരസേനാ മേധാവിയായി വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയത്.

0Shares