
കണ്ണൂര്‍ / കാസര്‍കോട്: ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറണ്ടുകളിലും ബാര്‍ബി ക്യൂ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി. ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളില്‍ നിന്നും ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നത് എന്നാണ് ആരോപണം.
ചത്ത കോഴിക്ക് വില പകുതി നല്‍കിയാല്‍ മതി. ബാര്‍ബി ക്യൂവിനും ആല്‍ഫാമിനും കുഴിമന്തിക്കും ഇങ്ങനെ ഇറച്ചികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മസാലയും മറ്റു ചേരുവകളും ചേര്‍ക്കുമ്പോള്‍ ആളുകള്‍ക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാല്‍ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല. പുറമെ നിന്ന് വാഹനങ്ങളില്‍ എത്തിക്കുമ്പോള്‍ ധാരാളം കോഴികള്‍ ചത്തുപോകുന്നുണ്ട്.

ക്രിസ്മസും അവധിക്കാലവും ആയതിനാല്‍ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറണ്ടുകളിലും രണ്ടാഴ്‌ചയായി നല്ല തിരക്കായിരുന്നു. വൈകുന്നേരങ്ങളില്‍ ഹോട്ടലുകളിലെ പ്രധാന ഭക്ഷണ വിഭവവും മന്തിയും അല്‍ഫാമുമാണ്. കോഴിവില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് അമിത ലാഭത്തിനായി ചത്ത കോഴിയെ ഫാമുകളില്‍ നിന്ന് വാങ്ങാന്‍ തുടങ്ങിയത്.
കോഴിയിറച്ചി നല്ല രീതിയില്‍ വേവിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പലയിടത്തും തുറസായ സ്ഥലത്തും വൃത്തിഹീനമായ സ്ഥലത്തുമാണ് പാചകം. ഭക്ഷ്യ സുരക്ഷാനിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാചകം ചെയ്യുന്നവര്‍ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടെയും അല്‍ഫാമിൻ്റെയും പാചകക്കാര്‍. പല ഹോട്ടലുകൾക്ക് എതിരെ പൊതുജനങ്ങൾ നേരിട്ടിറങ്ങി പരിശോധനകൾ നടത്താനാണ് നീക്കം.
