
കാസർകോട് / തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പ് തീരദേശ സംരക്ഷണ നിയമം നടപ്പാക്കല്‍ കര്‍ശനമാക്കിയതോടെ തീരദേശ ജില്ലകളിലെ കടല്‍ത്തീരങ്ങളിലും വേലിയേറ്റ മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന കായലുകളുടെയും പുഴകളുടെയും അരികുകളിലും ഭൂമിയുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതി വന്നിരിക്കുകയാണ്. തീരദേശം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. അക്കാര്യത്തില്‍ ഏറ്റവും നിഷ്‌കര്‍ഷയും, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വാര്‍ത്ഥ താത്‌പര്യവും, ഉള്ളത് തീരദേശത്ത് വസിക്കുന്നവര്‍ക്ക് തന്നെയാണ്.
എന്നാല്‍, ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥ നിറഞ്ഞ സമീപനം വീട് എന്ന അവരുടെ സ്വപ്നം തകര്‍ത്തിരിക്കുകയാണ്. തീരദേശ സംരക്ഷണ വകുപ്പിൻ്റെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഉത്തരവുകളും ഭൂപടങ്ങളും തന്നെയാണ് ഇതിന് ഏറ്റവും നല്ല തെളിവ്. ഈ ഉത്തരവുകളും ഭൂപടങ്ങളും ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ലാത്ത സ്ഥലങ്ങള്‍ എത്ര നിരുത്തര വാദപരമായാണ് മാര്‍ക്കു ചെയ്ത് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാം.

ഈ മേഖലകളില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് കണ്‍സള്‍ട്ടന്റുമാരുടെ സഹായത്തോടെയും അധികാരികള്‍ക്ക് മേല്‍ തങ്ങള്‍ക്കുള്ള സ്വാധീനമുപയോഗിച്ചും നിയമത്തെ മറികടന്നും നിയമം ലംഘിച്ചും നിര്‍മാണം നടത്താനാവുന്നുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമൊക്കെ ഇത്തരം ധാരാളം വ്യവസായ സംരംഭങ്ങള്‍ വന്നുകഴിഞ്ഞു.
തീരദേശ മേഖലകളില്‍ കടലും കായലുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത് ഉപജീവനം തേടുന്നവര്‍ക്കും നേരത്തേ മുതല്‍ നിര്‍മ്മിതികള്‍ ഉള്ളവര്‍ക്കും ഇളവു നല്‍കിയിട്ടുണ്ട്. നിലവില്‍ ഭവനങ്ങളുള്ള സ്ഥലങ്ങളില്‍ ഇപ്പോഴുള്ള തറവിസ്തൃതിയില്‍ അവ പുനര്‍നിര്‍മിക്കാന്‍ അനുമതിയുണ്ട്. അതുപോലെ തന്നെ, കടല്‍ /കായല്‍ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് തീരത്തുനിന്നുള്ള ദൂരവും കുറച്ചു നല്‍കിയിട്ടുണ്ട്.
ഈ ഗണങ്ങളിലൊന്നും പെടാത്തവരാണ് നിയമത്തിൻ്റെയും അത് നടപ്പാക്കുന്ന അധികാരികളുടെ ഉത്തരവാദിത്ത്വ രാഹിത്യത്തിൻ്റെയും കെണിയില്‍ പെട്ടിരിക്കുന്നത്. നിയമം നടപ്പാക്കല്‍ മുനിസിപ്പല്‍ പരിധിയിലും പഞ്ചായത്ത് പരിധിയിലും വ്യത്യസ്തമാണെന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണവുമാക്കുന്നു.
കോര്‍പ്പറേഷന്‍ / മുന്‍സിപ്പാലിറ്റി മേഖലകളില്‍ ഒരു ബില്‍ഡിങ്ങ് റൂളും പഞ്ചായത്തുകള്‍ക്ക് മറ്റൊരു റൂളുമാണുള്ളത്. അതുകൊണ്ട് തന്നെ നിയമം ബാധകമാകുന്ന കായല്‍, പുഴ, തോടുകളില്‍ നിന്നുള്ള ദൂരമെടുക്കുന്നതിനും വ്യത്യസ്ത മാനദണ്ഡമാണ് സ്വീകരിക്കുന്നത്. മുന്‍സിപ്പല്‍ / കോര്‍പ്പറേഷന്‍ മേഖലകളില്‍ വേലിയേറ്റ ഉയരം കണക്കാക്കി പുഴ, ആറ്, കായല്‍ തീരം എന്നിവയ്ക്കും വീടു നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനുമിടയില്‍ വലിയ വാഹന ഗതാഗതമുള്ള റോഡുകളുണ്ടങ്കില്‍ ഇരുപതു മീറ്റര്‍ വിട്ട് വീടു നിര്‍മിക്കാം. എന്നാല്‍ പഞ്ചായത്ത് ഏരിയയില്‍ തീരത്തുനിന്ന് അമ്പത് മീറ്ററോ, പുഴ / ആറ് എന്നിവയുടെ വീതി അമ്പത് മീറ്ററില്‍ കൂടുതലാണെങ്കില്‍ അത്രയും സ്ഥലമോ വിട്ടുമാത്രമേ വീടുകള്‍ നിര്‍മ്മിക്കാനാവൂ.
നിയമം നടപ്പിലാക്കാനുള്ള പഠനം നടത്താന്‍ ഏല്പിച്ചത് കേന്ദ്ര സര്‍ക്കാറിൻ്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെൻ്റെര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഭൗമശാസ്ത്ര വിഭാഗത്തെയാണ്. പ്രകൃതി സംരക്ഷണ നയങ്ങളും പഠനം നടത്തേണ്ട രീതികളും കൃത്യമായി പറഞ്ഞിരുന്നു. ഇനി ഈ ദൂരം എങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് നോക്കുക.
വേലിയേറ്റ മേഖലകള്‍ കണ്ടെത്താന്‍ അവര്‍ സ്വീകരിച്ച മാര്‍ഗം വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം എവിടെവരെ എത്തുമെന്ന് കണക്കാക്കുകയാണ്. വെള്ളത്തിലെ ലവണാംശം പരിശോധിച്ച് ഇത് കണ്ടെത്താനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ഇതിൻ്റെ ഫലമായി പല അപാകതകളും ഉണ്ടായി. ഉദാഹരണത്തിന്, കായംകുളം വലിയഴീക്കലിലെ കടലില്‍ നിന്ന് വരുന്ന വെള്ളം തെക്കോട്ടും വടക്കോട്ടും ഒഴുകുന്ന ദേശീയ ജലപാതയില്‍ തൃക്കുന്നപ്പുഴ വരെ നിയമത്തിന് കീഴില്‍ കൊണ്ടുവന്നു.
അതിന് ഒരു കിലോമീറ്റര്‍ കിഴക്കുള്ള പുളിക്കീഴ് പാലത്തിന് വടക്കുവശവും നിയമത്തിൻ്റെ പരിധിയില്‍ വന്നു. പുളിക്കീഴ് പുഴ ഒരു കിലോമീറ്റര്‍ വടക്കോട്ടൊഴുകി ദേശീയ ജലപാതയിലെത്തും. പഠനം നടത്തുന്ന സമയത്ത് പുളിക്കീഴ് പാലത്തിനടുത്തുള്ള ബണ്ടു തുറന്നു കിടന്നതിനാല്‍ ലവണ പരിശോധകൻ്റെ ലവണ മാപിനിയില്‍ ലവണാംശം കണ്ടെത്തി. ഇതോടെ, ഒരു വിഭാഗം ജനങ്ങളുടെ നിര്‍മിതികള്‍ക്ക് വിലക്കുവന്നു.
ഈ അപാകത ചൂണ്ടിക്കാണിച്ചു കൊണ്ട് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് ഒരു പ്രമേയം പാസാക്കി തീരദേശ സംരക്ഷണ ആസ്ഥാനത്തേക്ക് അയച്ചങ്കിലും അതൊക്കെ കൊവിഡ് കാലത്ത് അപ്രത്യക്ഷമായി. ഭൂപടം പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് അയച്ചു കൊടുത്തിരുന്നങ്കിലും കൊവിഡും, പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളും കാരണം ആരും ഗൗരവമായെടുത്തില്ല. നിയമം നടപ്പാക്കേണ്ട ഡിപ്പാര്‍ട്ടുമെൻ്റെകട്ടെ വേണ്ട രീതിയില്‍ ബോധവത്‌കരണം നടത്തിയുമില്ല. പരാതിയുള്ളവര്‍ അറിയിക്കണമെന്ന് ഒഴുക്കന്‍ മട്ടില്‍ വാര്‍ത്ത നല്‍കി അവര്‍ നിയമം നടപ്പിലാക്കി.
എത്ര തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ആര്‍കിടെക്ടുകള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും ഈ നിയമത്തെപ്പറ്റി അറിയാമെന്ന് കൂടി പഠനം നടത്തേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനം വന്നതിനുശേഷം മാത്രമാണ് നാലാംനിലയില്‍ ഇതിനൊരു ഓഫീസ് വന്നത്. പ്രകൃതി വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ആ ഓഫീസില്‍ കെട്ടിവെച്ചിരിക്കുന്ന ഓരോ ഫയലും ഒരു പാര്‍പ്പിടമുണ്ടാക്കാന്‍ വേണ്ടി സ്വപ്നം കണ്ടു നടക്കുന്നവരുടെ സങ്കടങ്ങളാണ്.

മേല്‍നോട്ടം വഹിക്കാന്‍ ഒരു സെക്രട്ടറിയുണ്ട് ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍. സെക്ഷനില്‍ സെക്രട്ടറിയേറ്റില്‍ നിന്നു വന്ന രണ്ട് ഓഫീസര്‍മാരും. ബാക്കി എല്ലാവരും ദിവസ വേതനക്കാരാണ്. അവിടെ ചെന്നന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ കൈമലര്‍ത്താനേ അവര്‍ക്ക് കഴിയുന്നുള്ളൂ. അവിടെയെത്തി അന്വേഷിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നത് വേറെ കാര്യം.
കടലിനോട് ചേര്‍ന്നു കിടക്കുന്ന ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം മുതല്‍ തോട്ടപ്പള്ളി വരെ തീരദേശ സംരക്ഷണ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും ഉള്ളതുകൊണ്ടാണ്. തൃക്കുന്നപ്പുഴ കാര്‍ത്തികപ്പള്ളി റോഡിന് വടക്കുവരെ ആ ആനുകൂല്യം കിട്ടേണ്ടതായിരുന്നു. അതിന് തെക്കുഭാഗം മുതല്‍ കൊല്ലം ജില്ലയുടെ വടക്കേ പഞ്ചായത്തുകള്‍ വരെ ഈ നിയമത്തിന് കീഴില്‍ വരാന്‍ കാരണം 1991ല്‍ വലിയഴീക്കല്‍ കടലില്‍ ഹാര്‍ബറുണ്ടാക്കി കൊടുത്തതു കൊണ്ടു മാത്രമാണ്. അങ്ങനെ ഈ പ്രദേശത്തെ മനുഷ്യര്‍ വികസനത്തിൻ്റെ ഇരകളായി.
കൃത്രിമമായി ഹാര്‍ബറുകളുണ്ടാക്കി കൊടുത്തു കടല്‍ വെള്ളം കയറ്റിവിട്ടിട്ട് നിയമം കര്‍ശനമാക്കുന്ന ശാസ്ത്രജ്ഞരടക്കം ഇനിയെങ്കിലും തിരിച്ചറിയുമോ വികലമായ വികസന തീരുമാനങ്ങള്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന്? ഇനി സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഭൂപടത്തിലേക്ക് നോക്കുക. പലതിലും സ്ഥലങ്ങള്‍ മാറിക്കിടക്കുകയാണ്. സെസ്സിൻ്റെയും, റെവന്യൂ ഡിപ്പാര്‍ട്ടുമെണ്ടിൻ്റെയും ഭൂപടങ്ങള്‍ ലയിപ്പിച്ചപ്പോഴുണ്ടായ അപാകളാണ് ഇതെന്ന് അവര്‍ മനസിലാക്കിയിട്ടില്ല.
സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ, ആ കമ്മിറ്റി എന്ത് ചെയ്യുന്നുവെന്ന് ആര്‍ക്കുമറിയില്ല. ഗൃഹനിര്‍മാണ പരാതി കേള്‍ക്കാന്‍ ജില്ലകളിലും കമ്മിറ്റികളുണ്ടെങ്കിലും മീറ്റിംഗ് നടത്താന്‍ നേതൃത്വമില്ലാതെ അവ പ്രവര്‍ത്തന രഹിതമായി ഇക്കുകയാണ്.
