
മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിത വേഗത. 20 കിലോമീറ്റര്‍ ഒമ്പത് മിനിറ്റുകൊണ്ടാണ് ഇവര്‍ പിന്നിട്ടത്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
ഉച്ചയ്ക്ക് 2.21 നാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ചാരോടി ചെക്‌പോസ്റ്റ് പിന്നിടുന്നത്. സൂര്യ നദിയുടെ കുറുകെയുടെ പാലത്തില്‍ വച്ച് 2.30നാണ് അപകടം നടക്കുന്നത്. ചെക്‌പോസ്റ്റില്‍ നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണിത്. ഇതില്‍ നിന്നാണ് ഒമ്പത് മിനിറ്റില്‍ 20 കിലോമീറ്റര്‍ ഇവര്‍ പിന്നിട്ടതായി പൊലീസ് മനസിലാക്കിയത്.
സൈറസ് മിസ്ത്രിയെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്‌ക്കേറ്റ ഗുരുതമായ പരുക്കാണ് മരണത്തിന് കാരണമായത്.

മിസ്ത്രിയ്‌ക്കൊപ്പം പിന്‍സീറ്റിലുണ്ടായിരുന്ന ജഹാംഗീര്‍ പാണ്ടോളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരിച്ചത്. പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റ് അനഹിത പാണ്ടോളെയാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗത്തില്‍ എത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിടുകയായിരുന്നു. അനഹിതയും ഭര്‍ത്താവ് ഡാറിയസുമാണ് വാഹനത്തിൻ്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്നത്. ഗുരുതമായ പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചതും എയര്‍ ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതുമാണ് ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്.
രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ ഒരാളും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് പിന്നാലെ പ്രതിജ്ഞയെടുത്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കാറിൻ്റെ പിന്‍സീറ്റില്‍ ഇരിക്കുമ്പോഴും ഇനി താന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഉറപ്പ് നല്‍കിയത്. സൈറസ് മിസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുെവെച്ചു കൊണ്ടാണ് ട്വിറ്ററിലൂടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
“കാറിൻ്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നമ്മള്‍ എല്ലാവരും നമ്മുടെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു” എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.
