
സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ മുതൽ ഉച്ചവരെയാണ് സ്പീക്കറെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ താമസസ്ഥലത്ത് എത്തിയായിരുന്നു ചോദ്യം ചെയ്യൽ. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സ്പീക്കർ നിഷേധിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാകാൻ സ്പീക്കർക്ക് നോട്ടിസ് നൽകിയത് മൂന്ന് തവണയാണ്.

എന്നാൽ ഓരോ കാരണങ്ങളാൽ അദ്ദേഹത്തിന് ഹാജരാകാൻ സാധിച്ചിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറുടെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്നും കോൺസുലേറ്റ് ജനറലുമായി യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും സ്പീക്കർ മൊഴി നൽകിയെന്നാണ് സൂചന.
സ്വപ്‌നാ സുരേഷുമായി ചേർന്ന് ഡോളർ കടത്തിന് സഹായം ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞതായാണ് വിവരം. ഇന്നലെ ഉച്ചയോടെ കസ്റ്റംസ് സംഘമെത്തിയെന്നും നടന്നത് മൊഴിയെടുപ്പാണെന്നും എല്ലാ വിവരങ്ങളും കസ്റ്റംസിന് കൈമാറിയെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
