
കാസര്‍കോട് ജില്ലയിലെ ഭാഷാന്യൂനപക്ഷമായ തുളുജനവിഭാഗത്തിന്‍റെ കലാസാംസ്‌കാരിക സ്വപ്‌നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരത്ത് സാംസ്‌കാരിക കേന്ദ്രം തയ്യാറായി. വൈവിധ്യപൂര്‍വമായ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിച്ചു പരിപോഷിപ്പിക്കുകയെന്ന ഒരുവിഭാഗത്തിന്‍റെ കാലങ്ങളായുള്ള അഭിലാഷമാണ് സംസ്ഥാനസര്‍ക്കാരിന്‍റെ പിന്തുണയോടെ യാഥാര്‍ത്ഥ്യമാവുന്നത്.
ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യു വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തിയ്യതി മാറ്റിവെക്കുകയായിരുന്നെന്ന് കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയാന്‍ പറഞ്ഞു. നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് തുളുഭവന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായത്. 25 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.

തുളു പണ്ഡിതനും അക്കാദമി ആദ്യചെയര്‍മാനുമായ ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ പേരില്‍ ലൈബ്രറിയും ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു എക്‌സിക്യുട്ടീവ് റൂമും അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികളും സ്റ്റാഫ് റൂമുകളും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാനിര്‍മിതി കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്‍റെ ഇടപെടലുകളും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ പിന്തുണയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ തുളുഭവനോടനുബന്ധിച്ച് ഒരു ഗവേഷണ കേന്ദ്രമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നുണ്ടെന്നും ഇതില്‍ തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട മ്യൂസിയവും സജ്ജീകരിക്കുമെന്ന് ഉമേശ് സാലിയാന്‍ പറഞ്ഞു. ഈ പദ്ധതിക്കായി അന്തരിച്ച മുന്‍ എം.എല്‍.എ പി. ബി അബ്ദുര്‍റസാഖ് എം.എല്‍.എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍ക്കായി തുളു കള്‍ച്ചറല്‍ തിയേറ്റര്‍ സ്ഥാപിക്കും. ഇതിനായി കാസര്‍കോട് വികസനപാക്കേജില്‍ ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
