
കാസർകോട് / ബംഗളൂർ: മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരിൽ നിക്ഷേപ പദ്ധതിയിലൂടെ ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലെ മൂന്നാംപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കാളികാവ്, ഉതിരുംപൊയിൽ, പാലക്കാതൊടിയിൽ ഹൗസിലെ മുഹമ്മദ് ഫൈസൽ (32) ആണ് പിടിയിലായത്. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലും ചെന്നെയിലും വ്യത്യസ്ഥ പേരുകളിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് കോടിക്കണക്കിന് രൂപ തട്ടിയതെന്ന് പറയുന്നത്.

നിക്ഷേപ തട്ടിപ്പിന് ശേഷം ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്ക് വരാൻ ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കമ്പനിയുടെ എം.ഡിയായാണ് പ്രതി പ്രവർത്തിച്ചിരുന്നത്. പ്രതിദിനം ഒന്നുമുതൽ 1.5 ശതമാനം പലിശ ലാഭമായി തരാമെന്ന് കമ്പനിയുടെ ആളുകളായവർ പറഞ്ഞു ധരിപ്പിച്ചാണ് പലരുടെയും പണം തട്ടിയെടുത്തതെന്ന് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ചാനൽ ആർ.ബിയോട് പറഞ്ഞു. ജില്ലയിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമായിട്ടുണ്ടെന്നും മാണിചെയിൻ മാതൃകയിലും സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട്. പോലീസിൽ പരാതി ലഭിച്ചാൽ അന്വേഷിക്കാൻ പ്രത്യേകസംഘം സജ്ജമാണെന്നും ഡി.വൈ.എസ്.പി കൂട്ടിച്ചേർത്തു.

മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527/- രൂപ പ്രകാരം ഒരുവർഷം വരെ ലാഭവിഹിതം തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മൈ ക്ലബ് ട്രേഡേഴ്‌സ് (My club traders), ടോൾ ഡീൽ വെഞ്ചേർസ് (Toll deal ventures), പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് (princes gold and diamonds) എന്നി പേരുകളിൽ കമ്പനി രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 13 പ്രതികൾ ഉള്ള ഈ കേസിലെ ഏഴ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള അഞ്ച് പ്രതികൾ ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഈ പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്, ഡി.വൈ.എസ്.പി പറഞ്ഞു. അനേഷണ സംഘത്തിൽ എസ്.ഐ ജനാർദ്ദനൻ, എ.എസ്.ഐ മോഹനൻ, എസ്.സി.പി.ഒ രാജേഷ് എന്നിവർ ഉണ്ടായിരുന്നു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ.നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേസുകൾ അന്വേഷിക്കാൻ കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
