
മയക്കുമരുന്ന്, പീഡനം ഉള്‍പ്പെടെ ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെര്‍ക്കള ബംബ്രാണി നഗറില്‍ മൊയ്തീന്‍ കുഞ്ഞി പോലീസിന്‍റെ പിടിയിലായി. കാസര്‍കോട് ജില്ലയില്‍ മാത്രം വിദ്യാനഗര്‍, കാസര്‍കോട്, കുമ്പള, ബേക്കല്‍, കാഞ്ഞങ്ങാട് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് വിദ്യാനഗര്‍ സി. ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.

കോടതിയില്‍ നിന്നും ജാമ്യമെടുക്കാതെ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ നേരത്തെ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ചെര്‍ക്കളയിലെ ഒരു ക്വാര്‍ടേഴ്‌സിലെത്തിയതാണ് വഴിത്തിരിവായത്. ഇയാള്‍ എത്തിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൊയ്തീന്‍ കുഞ്ഞി പോലീസ് പിടിയിലാകുന്നത്.
ഉദുമ പടിഞ്ഞാറിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇതിന് പുറമേ കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഹാഷിഷ് ഓയിലുമായി മൊയ്തീന്‍ നേരത്തെ പിടിയിലായിരുന്നു. നിലവില്‍ ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
