
തൃശൂര്‍: വായ്‌പാ തട്ടിപ്പിൻ്റെ പേരില്‍ വിവാദത്തിലായ കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളുമായി സി.പി.എം രംഗത്ത്. പണം നഷ്ടപ്പെട്ട നിക്ഷേപകരെ നേരിട്ട് കണ്ട് പണം മടക്കി നല്‍കുമെന്ന് പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കും.
നിക്ഷേപം സ്വീകരിക്കുന്ന നടപടികള്‍ക്ക് സി.പി.എം നേതാക്കള്‍ തന്നെ രംഗത്തിറങ്ങും. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ടിംഗിലാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

നിലവിലെ അവസ്ഥയില്‍ നിന്ന് ബാങ്കിനെ ശക്തിപ്പെടുത്താനും പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. 50 ശതമാനം തുക നിക്ഷേപകര്‍ക്ക് അടിയന്തരമായി വിതരണം ചെയ്യാനും ആലോചനയുണ്ട്. ഇതിനായുള്ള പണം കണ്ടെത്താനാണ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങുന്നത്.
റവന്യു റിക്കവറി നടപടികള്‍ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് റിപ്പോര്‍ട്ടിംഗുകൾ ആയിരുന്നു വെള്ളിയാഴ്‌ച ഉണ്ടായിരുന്നത്. രാവിലെ 11ന് തൃശൂര്‍ ഇൻഡോര്‍ സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് നാലിന് ഇരിങ്ങാലക്കുടയിലും ആയിരുന്നു റിപ്പോര്‍ട്ടിംഗുകള്‍.
സംസ്ഥാന സെക്രട്ടേറിയേറ്റംഗം പുത്തലത്ത് ദിനേശൻ. ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവരാണ് വിശദീകരണം നടത്തിയത്.
