
പാലക്കാട് മലമ്പുഴയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശിച്ച് കെ.സുധാകരൻ. സംസ്ഥാന സർക്കാറിന്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സി.പി.എമ്മിനുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്ന് ദൃക്സാക്ഷി പറയുമ്പോൾ ഉത്തരവാദിത്തതിൽ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരൻ ചോദിച്ചു. അക്രമികൾ പാർട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.എം നേതാക്കളെ തിരുത്തുന്നത് പാർട്ടിക്കാർ തന്നെയാണ്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.എമ്മുകാർ ആണെന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
ആരെയും കൊല്ലുന്ന സംഘമായി സി.പി.എം മാറി. സി.പി.എമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്. വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സി.പി.എം നേതാക്കളാണ്. സി.പി.എം എന്നും അക്രമത്തിൻ്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെൻറർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസിൽ നിർണായക മൊഴി നൽകിയ സമീപത്തെ കടക്കാരനെ പാർട്ടി നിശബ്ദനാക്കിയെന്നും സുധാകരൻ പറഞ്ഞു.

പാലക്കാട് ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന സി.പി.എം വാദം ചൂണ്ടിക്കാട്ടിയപ്പോൾ ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ലെന്നും ബി.ജെ.പിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നും സുധാകരൻ വ്യക്തമാക്കി.
