സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലുള്ള സിപിഎം; എന്നാൽ പാർട്ടിക്ക് അകത്ത് വലിയ പൊട്ടിത്തെറി; മുതിർന്ന ഒരു നേതാവ് കൂടി പാർട്ടി വിട്ടു; കണ്ണൂരിലെ രാഷ്ട്രീയവും മാറിമറിയുന്നു; കൂടുതൽ അറിയാം..

You are currently viewing സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലുള്ള സിപിഎം; എന്നാൽ പാർട്ടിക്ക് അകത്ത് വലിയ പൊട്ടിത്തെറി; മുതിർന്ന ഒരു നേതാവ് കൂടി പാർട്ടി വിട്ടു; കണ്ണൂരിലെ രാഷ്ട്രീയവും മാറിമറിയുന്നു; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ രാഷ്ട്രീയ പൊട്ടിത്തെറി. സംസ്ഥാന തലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലുള്ള സിപിഎമ്മിന് കണ്ണൂരിലെ രാഷ്ട്രീയ പൊട്ടിത്തെറി വിനയായി. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. സിപിഎം മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചു. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ ഭാര്യ ശ്യാമളക്ക് സീറ്റ് നല്കിയതിലാണ് എതിർപ്പ് പരസ്യമായി പൊട്ടിത്തെറിയിൽ കലാശിച്ചത്. തളിപ്പറമ്പിൽ എം.വി ഗോവിന്ദണ് നിലവിൽ എം.എൽ.എ യാണ്. അദ്ദേഹത്തിന് പിന്നാലെ ഭാര്യയെ മത്സരിപ്പിക്കുന്നതിലാണ് എതിർപ്പ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. അത് മുഖവിലക്കെടുക്കാതെയുള്ള സ്ഥാനാർഥി പ്രഖ്യാപനം അംഗീകരിക്കാനായില്ല. ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വീണ്ടും ചർച്ചയാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നത്. സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ ശ്യാമളയാണെന്ന പ്രചാരണം നാട്ടിൽ ശക്തമാണെന്നും അവരുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.പി ദിവ്യയോടും പി.കെ ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ഇതിനകം നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്. പാർട്ടിയിലെ ഈ കുഴിഞ്ഞുപോക്ക് യുഡിഎഫിന് ഗുണം ചെയ്യും എന്നാണ് രാഷ്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

0Shares