തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായുള‌ള സമരത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെ ലോംഗ് മാര്‍ച്ചില്‍ കൈകോര്‍ത്ത് ബി.ജെ.പിയും സി.പി.എമ്മും. സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷുമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി ആലോചിച്ചും ചര്‍ച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങള്‍ക്ക് എതിരായ സമരങ്ങളെ സി.പി.എം പിന്തുണയ്‌ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള‌ള പദ്ധതിയാണെന്ന് വി.വി രാജേഷ് അഭിപ്രായപ്പെട്ടു. വി.എസ്‌.ഡി.പി നേതാക്കളും ഈ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായുള‌ള ബഹുജന കൂട്ടായ്‌മ വളര്‍ത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്‌മ കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം തുറമുഖ നിര്‍മ്മാണത്തിന് തടസം ആയതെല്ലാം പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതിയും ചൊവ്വാഴ്‌ച ഉത്തരവിട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ് അനു ശിവറാമാണ് ഈ ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സമരത്തിൻ്റെ നൂറാം ദിവസം കരയിലും കടലിലുമായി കടുത്ത അക്രമം നടന്നതായാണ് കമ്പനി കോടതിയെ അറിയിച്ചത്. വള‌ളം കത്തിച്ചടക്കം പ്രതിഷേധം തുറമുഖത്തെ എതിര്‍ക്കുന്നവര്‍ നടത്തിയിരുന്നു. എന്നാല്‍ ബഹുജന പ്രക്ഷോഭമാണ് നടക്കുന്നതെന്നും തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്നും പ്രതിഷേധക്കാര്‍ കോടതിയെ അറിയിച്ചു.

0Shares