
ചാനൽ ആർ.ബി എക്സ്ക്ലൂസിവ്
കാസർകോട് : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 സ്ഥിരീകരിച്ച കാസർകോട്, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക. കാസർകോട്ടെ കോവിഡ് ആശുപത്രയിൽ ജോലിചെയ്യുന്ന ജീവനക്കാരെയും മറ്റു സർക്കാർ ജീവനക്കാരെയും കൊണ്ടുപോകുന്നത് ഒരേ ബസ്സിൽ. തിങ്ങി നിറഞ്ഞുള്ള ഈ യാത്ര അവരവരുടെ സുരക്ഷക്ക് ഭീഷണിയെന്ന് ജീവനക്കാർ തന്നെ പറയുന്നു.

ജീവനക്കാർക്ക് ജോലിസ്ഥലത്ത് എത്തുന്നതിനും തിരിച്ച് വീട്ടിലേക്ക് പോകുന്നതിനും സർക്കാർ ബസ്സ് ഏർപ്പെടുത്തിയിരുന്നു. ആദ്യം കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ സ്കൂൾ ബസ്സിലാണ് ഉദ്യോഗസ്ഥരുടെ യാത്ര. ചെറിയ ബസ്സിൽ തിങ്ങി നിറഞ്ഞാണ് ജീവനക്കാർ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത്.
പയ്യന്നൂർ മുതൽ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപ്പടിവരെ ജീവനക്കാരെയും കൊണ്ട് ഈ ബസ് സർവീസ് നടത്തുന്നുണ്ട്. ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് ജീവക്കാരുടെ കുറവ് വരാതിരിക്കാനാണ് ജില്ലാ ഭരണകൂടം ജീവനക്കാർക്ക് വേണ്ടി ബസ്സ് അനുവദിച്ചത്. ഈ യാത്രയാണ് ഇപ്പോൾ ജീവനക്കാരുടെ സുരക്ഷക്ക് തന്നെ ഭീഷണിയായിരിക്കുന്നത്.
ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും വാഹങ്ങളിൽ യാത്രചെയ്യുമ്പോൾ പരസ്‌പരം സ്പർശിക്കാൻ പാടില്ല എന്നും നമ്മോട് നിരന്തരം പറയുന്ന ഉദ്യോഗസ്ഥർക്കാണ് ഈ വലിയ ദുരിതം ഉണ്ടായിരിക്കുന്നത്. ബസ്സിൽ ഒരു സീറ്റ് ഇടവിട്ട് ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ എല്ലാ സീറ്റിലും ആളുകൾ നിറയുകയും തോളോട് തോൾ ചേർന്ന് നിന്ന് യാത്ര ചെയ്യുകയും ചെയ്യുന്ന അവസ്ഥ. ഇതിനൊരു പരിഹാരം കണ്ടെത്താൻ കൂടുതൽ ബസ്സ് അനുവദിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
