
കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരനായ കെ.എസ്.ആര്‍. മേനോന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി.
