കൊവിഡ് മരണം ഇന്ത്യ കുറച്ചുകാണിക്കുന്നു; കൃത്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ആവശ്യമായ കിറ്റുകളില്ലെന്നും ബി.ബി.സി

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് മരണം ഇന്ത്യ കുറച്ചുകാണിക്കുന്നു; കൃത്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ആവശ്യമായ  കിറ്റുകളില്ലെന്നും ബി.ബി.സി

കൊവിഡ് 19 മൂലമുള്ള മരണവും കേസുകളും ഇന്ത്യ കുറച്ചുകാണിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ബി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ഉന്നയിക്കുന്നത്. നൂറിലധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ നിന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. മുംബൈയിലെ ചേരികളില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടോ എന്നറിയാനായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ കാണാം.

കൊവിഡ് കേസുകളും മരണവും അധികൃതര്‍ കുറച്ചുകാണിക്കുകയാണെന്നും പുറത്തുവിടുന്നതില്‍ നിന്ന് തടയുന്നത് സര്‍ക്കാരില്‍ നിന്നുള്ള ഭീഷണിയാണെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടര്‍ ബി.ബി.സി റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. ശ്വാസകോശസംബന്ധമായ അസുഖമുണ്ടായിരുന്ന ആറ് രോഗികളെ മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളേയും പരിശോധിച്ചില്ല. ടെസ്റ്റുകള്‍ നടക്കാത്തതിന് കാരണം ആവശ്യത്തിന് പരിശോധനാ കിറ്റുകളില്ലാത്തതാണ് എന്നും ഡോക്ടര്‍ പറയുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടറും ബി.ബി.സിയോട് ഇതേകാര്യം പറയുന്നു. രോഗലക്ഷണങ്ങളുമായി നിരവധി പേര്‍ വരുന്നു. എന്നാല്‍ ഇവരെ ടെസ്റ്റിന് വിധേയരാക്കുന്നില്ല. കൊവിഡ് മരണം സംബന്ധിച്ച ഔദ്യോഗികകണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായില്ല എന്ന് ബി.ബി.സി പറയുന്നു.

രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതായി ഡല്‍ഹിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മതിയായ ടെസ്റ്റുകള്‍ നടത്താതെ ലോക്ക് ഡൗണ്‍ എത്രകാലം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്ന സംശയവും ബി.ബി.സി റിപ്പോര്‍ട്ട് ഉന്നയിക്കുന്നു.

ഇതുവരെ കൊവിഡ് 19 മൂലം രാജ്യത്ത് 393 പേർ മരിച്ചതായും 11,000ത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചതായുമായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 24 മണിക്കൂറിനിടെ 1174 കേസുകളും മൂന്ന് ദിവസത്തിനിടെ മൂവായിരത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

0Shares