
കൊവിഡ് പോസിറ്റീവായി ദമ്പതികള്‍ ബസിലുണ്ടെന്ന വിവരം അറിഞ്ഞ യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങിയോടി. നിലവിളിച്ച് കണ്ടക്ടറും ഇറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ദമ്പതികളില്‍ ക്ഷയരോഗബാധിതനായ ഭര്‍ത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാല്‍ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്‍റെയും ഭാര്യയുടെയും സാംപിള്‍ ശേഖരിച്ചിരുന്നു.
ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ തുടരാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവര്‍ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.
സ്രവപരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ ടിഎന്‍എസ്ടിസി ബസില്‍ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടര്‍ നിലവിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിര്‍ത്തുന്നതിനിടെ യാത്രക്കാര്‍ ഇറങ്ങിയോടിയതും.
കോവിഡ് രോഗബാധിതനില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലന്‍സില്‍ രാജാ മുത്തയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
