
കാസർകോട്: കോവിഡ് വ്യാപന പ്രതിരോധത്തിന് ജില്ലയില്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണസംവിധാനവും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്നും എന്നാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ ജാഗ്രത കൈവിടാതെ സ്വയം നിയന്ത്രണം പാലിക്കണമെന്നും തുറമുഖം, പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ കാസര്‍കോട് ജില്ല എ,ബി,സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒമിക്രോണ്‍, കോവിഡ് വ്യാപനം കാസര്‍കോട് ജില്ലയില്‍ തീവ്രമല്ല. അടിയന്തരസഹചര്യം നേരിടാന്‍ ജില്ലയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും ക്ഷാമം സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ആളുകള്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കതെയും കൂടിച്ചേരലുകള്‍ അനുവദനീയമല്ല. കല്യാണം, മരണവീട് പൊതുപരിപാടികള്‍ തുടങ്ങിയ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ്തല ജാഗ്രത സമിതികള്‍ ആര്‍. ആര്‍. ടികള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തമാക്കണം. തുടര്‍ന്നും അവ ലോകനയോഗങ്ങള്‍ നടത്തി പ്രശ്‌നപരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു . ഡി. എം. ഒ (ഹെല്‍ത്ത്) ഡോ.കെ. ആര്‍ രാജന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനവും നടത്തിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി.എഫ്എല്‍.ടി.സി ആരംഭിക്കുന്നതിന് ജില്ലാ ആശുപത്രിക്ക് സമീപത്തെ ആര്‍ദ്രം ബില്‍ഡിംഗ് കണ്ടെത്തിയിട്ടുണ്ട്.
എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ , ജില്ലാ പഞ്ചായത്ത് ആരോഗ്യം. വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ എസ്. എല്‍ സരിത, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത , നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത, ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എ. ഡി. എം എ.കെ രമേന്ദ്രന്‍ , എ. എസ്. പി ഹരിചന്ദ്ര നായിക്, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
