
കാസര്‍കോട്: കോവിഡ് മഹാമാരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസര്‍കോടിന്‍റെ അംഗങ്ങളായ അസ്ഹറുദ്ദീനും, ഷറഫുദ്ദീനും. ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ചെയ്തു . തളങ്കര മാലിക്ക് ദീനാറിൽ നിന്നും തിങ്കളാഴ്ച ആരംഭിച്ച യാത്ര നാല് ജില്ലകൾ പൂർത്തീകരിച്ച് തിരിച്ചെത്തിയ ഇവരെ ജില്ലാ അതിർത്തിയിൽ നിന്നും ആനയിച്ച് ബേക്കൽ ഫോർട്ടിൽ വെച്ച് ക്ലബ്ബ് അംഗങ്ങളുടെ ഊഷ്മള വരവേൽപ്പ് നല്‍കി.

സെപ്റ്റംബർ മാസത്തിലെ ലോക സ്ട്രാവാ ചാലഞ്ചിൽ ലോകത്തിലെ 47-ാം സ്ഥാനം നേടിയുള്ള അസ്ഹറുദ്ദീനും, കഴിഞ്ഞ വർഷം ഓൾ കേരളാ യാത്ര പൂർത്തികരിച്ച ഷറഫുദ്ദീനും കോവിഡ് സന്ദേശവുമായി വീണ്ടും ഓൾ കേരളാ ട്രിപ്പിനായി തയ്യാറെടുക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് അംഗങ്ങൾ ആവശ്യാനുസരണം ബ്ലഡ് ബാങ്കുകളിലേക്ക് രക്തംധാനം ചെയ്യുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അംഗങ്ങൾക്ക് ക്ലബ്ബിന്‍റെ ബാഡ്ജ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസൽ അണിയിച്ചു. പരിപാടിയിൽ മൊയ്തീൻ ഹാജി പൊയിനാച്ചി, അൻസാരി മീത്തൽ,നിയാസ് ചട്ടഞ്ചാൽ, അൻവർ ടി.പി, മജീദ് എഡ്റൂട്സ്, ഹാരിസ് കൂരാമ്പിൽ, ഇർഷാദ് ബേവിഞ്ച, നസീർ ബെണ്ടിച്ചാൽ, അൻഷാദ് കീഴൂർ, റയാൻ, റിസാ, അബ്ദുല്ല, മുഹമ്മദ് അനസ്സ്, ബാസിത്ത് കാഞങ്ങാട് എന്നിവർ സംബന്ധിച്ചു.
