മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; മുംബൈയില്‍ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരണം

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; മുംബൈയില്‍ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരണം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കോവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ആയിരം പിന്നിടുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണ്. രോഗബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജനം കനത്ത ആശങ്കയിലാണിവിടെ.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യാപകമായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ചേരികളില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്.

കോവിഡ് സമൂഹ വ്യാപനം സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. വലിയ തോതിലുള്ള വ്യാപനമുണ്ടായാല്‍ നിലവിലെ ആശുപത്രി കിടക്കകളും സംവിധാനങ്ങളും തികയാതെ വരും. രണ്ടു കോടിയോളം ജനങ്ങള്‍ വസിക്കുന്ന നഗരത്തില്‍ സര്‍ക്കാരും ബി.എം.സിയും സജ്ജമാക്കിയിരിക്കുന്ന ആശുപത്രികളില്‍ 2000 പേരെ കിടത്തി ചികിത്സിക്കാന്‍ മാത്രമാണ് സൗകര്യമുള്ളത്. നഗരത്തിലെ ആകെ ജനസംഖ്യയുടെ 0.1 % മാത്രമാണിത്.

0Shares