സൗദിയിൽ എത്തിയിട്ടും ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ല; കരളുരുകും വേദനയുമായി സീമ നൗസിനും മക്കളും മടങ്ങി

  • Post category:Gulf / news
  • Reading time:2 mins read
You are currently viewing സൗദിയിൽ എത്തിയിട്ടും ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ല; കരളുരുകും വേദനയുമായി സീമ നൗസിനും മക്കളും മടങ്ങി

ദമ്മാം: രണ്ടു കൊല്ലമായി തൻ്റെയും മക്കളുടെയും കാര്യം അന്വേഷിക്കാത്ത ഭര്‍ത്താവിനെ തേടി സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് സ്വദേശിനി സീമ നൗസിന് നിരാശയോടെ മടക്കം. ആഴ്‌ചകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷവും ഭര്‍ത്താവിനെ നേരില്‍ കാണാനോ സംസാരിക്കാനോ കഴിയാതെയാണ് ഈ നിസ്സഹായ സ്ത്രീക്ക് നാട്ടിലേക്കു വിമാനം കയറേണ്ടി വന്നത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് പര്‍വേസും സീമ നൗസിനും പഠനകാലത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. 15 വര്‍ഷം മുമ്പായിരുന്നു ഇത്.

സൗദിയിലെ ‘സഫ്വ’യില്‍ ഒരു ട്രാൻസ്പോര്‍ട്ടിങ് കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് പര്‍വേസ്. സന്തോഷകരമായി ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് മൂന്നുമക്കളും ഉണ്ട്. എന്നാല്‍, രണ്ടുവര്‍ഷമായി ഇവര്‍ക്കിടയില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങളെ തുടര്‍ന്ന് മുഹമ്മദ് പര്‍വേസ് കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.

തൻ്റെ ഭാര്യയെക്കുറിച്ച്‌ ശരിയല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു എന്നായിരുന്നത്രേ ഇയാളുടെ പരാതി. മാത്രമല്ല, രണ്ടു മാസം മുമ്പ് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. എത്രയേറെ ശ്രമിച്ചിട്ടും തെറ്റിദ്ധാരണകള്‍ തിരുത്താനോ ഫോണില്‍ സംസാരിക്കാനോ ഭര്‍ത്താവ് തയാറാകാതെ വന്നതോടെ സീമ നൗസീൻ ഉംറ വിസയില്‍ ഉപ്പയെയും കൂട്ടി മക്കള്‍ക്കൊപ്പം സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു. ജിദ്ദയില്‍ നിന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ പര്‍വേസ് ജോലിചെയ്യുന്ന കമ്പനി ദമ്മാമിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടൻ്റെ ഫോണ്‍ നമ്പറും നല്‍കി അവരെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു.

മഞ്ജുവും ഭര്‍ത്താവ് മണിക്കുട്ടനും സാമൂഹിക പ്രവര്‍ത്തകൻ സക്കീറും കൂടി പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഇഖാമ നമ്പര്‍ ഉപയോഗിച്ച്‌ ഇദ്ദേഹത്തിൻ്റെ സഫ്വയിലുള്ള കമ്പനി കണ്ടെത്തുകയും ചെയ്‌തു. സീമ നൗസിനേയും കൂട്ടി കമ്പനിയില്‍ എത്തിയെങ്കിലും ഇദ്ദേഹം പുറത്ത് ജോലിക്കു പോയതിനാല്‍ നേരില്‍ കാണാൻ സാധിച്ചില്ല. ഫോണില്‍ സംസാരിക്കാനും ഇയാള്‍ തയാറായില്ല. ജോലി സംബന്ധമായോ പെരുമാറ്റ രീതിയിലോ ഇയാളെക്കുറിച്ച്‌ ഒരുവിധ പരാതിയും കമ്പനിക്കില്ല.

തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഭര്‍ത്താവിനോട് ക്ഷമ ചോദിക്കണമെന്നും എന്നാല്‍ 15 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആവശ്യമില്ലെന്നാണ് തോന്നുന്നതെങ്കില്‍ അതിന് തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം തന്നെ ഒഴിവാക്കുകയാണെങ്കില്‍ തന്‍റെ മക്കള്‍ക്ക് ചെലവിന് കൊടുക്കാൻ തയാറാകണമെന്നും ഇവര്‍ അപേക്ഷിക്കുന്നു. ഭര്‍ത്താവിനെത്തേടി കമ്പനിയിലെത്തിയ സീമയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം കേട്ടു നിന്നവരുടെയൊക്കെ കരളലിയിക്കുന്നതായിരുന്നു. നാട്ടില്‍ പരാതി നല്‍കി എംബസി വഴി ഭര്‍ത്താവിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്.

0Shares