
| പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തി. സ്വച്ഛ്ഭാരത് മിഷൻ്റെയും സംസ്ഥാന ശുചിത്വ മിഷൻ്റെയും കാസർകോട് നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന് വേണ്ടിയുള്ള നഗരസഭ പദ്ധതിയിൽ വൻ അഴിമതിയെന്ന പരാതിയെ തുടർന്നാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിലെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
പദ്ധതികൾ നടപ്പിലാക്കുന്നതിന് കണ്ണൂർ ആസ്ഥാനമായ അക്രഡിറ്റഡ് ഏജൻസിയെ ഏൽപ്പിച്ചിരുന്നു. പദ്ധതിയുടെ 20% തുക ഏജൻസിക്ക് അഡ്വാൻസ് ആയി നൽകിയിരുന്നു. ആകെ പദ്ധതിയുടെ 30% പദ്ധതി മാത്രമെ നാളിതുവരെയായി നടപ്പിലാക്കിയിട്ടുള്ളൂ. നാല് വർഷമായിട്ടും അഡ്വാൻസ് നൽകിയ തുക തിരിച്ച് പിടിക്കുന്നതിനോ പദ്ധതി പൂർണമായും നടപ്പിലാക്കുന്നതിനോ ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയുo ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

കൂടാതെ കമ്പോസ്റ്റ് ബിൻ നൽകുന്നതിനായി തിരഞ്ഞെടുത്ത ഗുണഭോക്താക്കളിൽ നിന്നും ഗുണഭോക്തൃ വിഹിതമായി പണം വാങ്ങിയതായും അത് കൃത്യമായി തിരിച്ച് കൊടുക്കുകയോ കമ്പോസ്റ്റ് ബിൻ നൽകുകയോ ചെയ്തിട്ടില്ലായെന്നും കണ്ടെത്തിയതായും വിജിലൻസ് സംഘം പറഞ്ഞു. ഗുണഭോക്തൃ വിഹിതം വാങ്ങിയതിനും സൂക്ഷിച്ചതിനും യാതൊരു രേഖയും പ്രസ്തുത പദ്ധതികളുടെ ഫയലിൽ കാണാനില്ല. ഇത് ഗുരുതര കൃത്യവിലോപമാണ്. കുറ്റകാരെ കണ്ടെത്തി മാതൃകാപരമായി നിയമ നടപടികൾക്കും കൂടുതൽ അന്വേഷണത്തിന് കേസ്സെടുക്കാൻ അനുമതി തേടുമെന്നും വിജിലൻസ് സംഘം പറഞ്ഞു.
കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പരിശോധനയ്ക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ജയൻ, വി.എം പ്രദീപ്, എ.വി രതീഷ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസർ സലീം എന്നിവരും ഉണ്ടായിരുന്നു
