
കൊറോണ വ്യാപനം തടയുന്നതിനായി കേരളത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കുമ്പോഴും വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിൽ തന്നെയാണ്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നായി നിരവധി വിദ്യാർത്ഥികളാണ് പഠനത്തിനായി മംഗളൂരുവിലെത്തുന്നത്.

ഇതോടൊപ്പം തന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മംഗളൂരു, ഉഡുപ്പി, മണിപ്പാൽ തുടങ്ങിയ നഗരങ്ങളിൽ താമസിച്ച് പഠിക്കുന്നുണ്ട്. ഇതുവരേയ്ക്കും കർണാടകത്തിൽ നാലു പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും നിരവധി ആളുകള്‍ നിരീക്ഷണത്തിലുമുണ്ട്.മാത്രമല്ല, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിൽ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലുമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമായി നൂറുകണക്കിനാളുകൾ എത്തുന്നുണ്ട്.
വ്യാപാര ആവശ്യങ്ങല്‍ക്കായും നിരവധി പേരെത്തുന്നു. കര്‍ണാടകയിലെ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് പരിശോധനയുണ്ടങ്കിലും റോഡിലൂടെയും ട്രെയിൻ വഴിയുമെത്തുന്നവരെ പരിശോധിക്കാൻ സംവിധാനമില്ല. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും പ്രതിരോധപ്രവർത്തനം അപര്യാപ്‌തമാണ്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിൽ കൊറോണ വൈറസ്‌ബാധ സ്ഥിരീകരിച്ച സമയം തന്നെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.
