സൗദി അറേബ്യയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; പരമാവധി ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing സൗദി അറേബ്യയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; പരമാവധി ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിർദ്ദേശം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം പ്രാബല്യത്തിലുള്ള സമയത്ത് പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സര്‍ക്കാര്‍ – സ്വകാര്യ ജീവനക്കാരെയും സ്ഥാപനങ്ങളെയും കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണ ശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ തുടങ്ങിയവയെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കി. അതോടൊപ്പം ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍ തുടങ്ങിയവയ്ക്കും കര്‍ഫ്യൂ ബാധകമല്ല.

സുരക്ഷാ വിഭാഗം, മിലിട്ടറി, മീഡിയ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഗോ വാഹനങ്ങള്‍ക്കും, പാര്‍സല്‍ സര്‍വീസുകള്‍ക്കും കര്‍ഫ്യൂ ബാധമായിരിക്കില്ല. ഗ്യാസ് സ്റ്റേഷന്‍, ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ജല വിതരണം തുടങ്ങിയ മേഖലകളെയും കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 511 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

0Shares