
കോഴിക്കോട് കാക്കൂരിൽ കൊറോണ ബാധയേക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയേക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാൾ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേപോലെ തന്നെ ഹരിപ്പാട്: ഹരിപ്പാട് ഗവ. ആശുപത്രിയിൽ രണ്ടുപേർ കൊറോണ വൈറസ് നിരീക്ഷണത്തിലാണെന്നുപറഞ്ഞ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട ആളിനെതിരേ പോലീസ് കേസെടുത്തു.

സുരേഷ് എന്ന ആളിന്‍റെ പേരിലുള്ള അക്കൗണ്ടിലാണിത്. സംഭവമറിഞ്ഞപ്പോൾത്തന്നെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡി.എം.ഒ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡി.എം.ഒ. വിവരം തേടിയതിനെത്തുടർന്ന് ഹരിപ്പാട് ആശുപത്രിയിൽ കൊറോണ സംശയിക്കുന്ന ആരും ചികിത്സ തേടിയിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. എസ്.സുനിൽ മറുപടി നൽകി. ആരോഗ്യവകുപ്പിന്‍റെ പരാതിയെത്തുടർന്ന് ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിന്‍റെ സൈബർവിഭാഗം തിങ്കളാഴ്ച വൈകുന്നേരത്തോടെ അന്വേഷണം തുടങ്ങി.
ജനങ്ങളെ ഭയപ്പെടുത്താനുള്ള വ്യാജപ്രചാരണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എം.എം.അനസ് അലി ഹരിപ്പാട് പോലീസിൽ പരാതി നൽകി. സംഭവം വിവാദമായപ്പോൾ ഈ പോസ്റ്റ് നീക്കംചെയ്തു. എന്നാൽ, ഇതിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
