ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ; 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്; സൗജന്യ റേഷന്‍, കര്‍ഷകര്‍ക്ക് 2000 രൂപ; തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ; 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്; സൗജന്യ റേഷന്‍, കര്‍ഷകര്‍ക്ക് 2000 രൂപ; തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു

കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1,70,00 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്.

അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് 1 കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ, ഇതിലൂടെ, 63 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രയോജനം കിട്ടും, ഏഴു കോടി പേര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നല്‍കും. ഏപ്രില്‍ ആദ്യ വാരം തന്നെ ഇത് ലഭ്യമാകും. തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു. വിധവകള്‍ക്ക് ആയിരം രൂപ നല്‍കും.

0Shares