മൂന്ന് പഞ്ചായത്തുകളുടെ ചിരകാലാഭിലാഷം പൂവണിയുന്നു; മഞ്ചേശ്വരം മണ്ഡലത്തില്‍ ‘ടി’ ആകൃതിയിലുള്ള പാലം നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലേക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing മൂന്ന് പഞ്ചായത്തുകളുടെ ചിരകാലാഭിലാഷം പൂവണിയുന്നു; മഞ്ചേശ്വരം മണ്ഡലത്തില്‍ ‘ടി’ ആകൃതിയിലുള്ള പാലം നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലേക്ക്

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ‘ടി’ ആകൃതിയിലുള്ള പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് ഒന്‍പത് ലക്ഷം രൂപയുടെ ഭരണാനുമതിയായി.

എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍ദ്ദിഷ്ട പാലത്തിൻ്റെ സൈറ്റ് സന്ദര്‍ശിച്ചു. കുമ്പള, പുത്തിഗെ, പൈവളികെ എന്നീ പഞ്ചായത്തുകളുടെ സംഗമ ദേശമായ പാമ്പാടിയില്‍ മൂന്ന് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഒരു പാലം വേണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പൂവണിയുക.

കുമ്പളയിലെ കളത്തൂര്‍ പാമ്പാടി, പുത്തിഗെയിലെ അംഗടിമുഗര്‍, എരുതുങ്കല്‍, പൈവളികെയിലെ പെര്‍മൂദ, മുന്നൂര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ ഷിറിയ പുഴയുടെ ഭാഗമായ അംഗടിമുഗര്‍, പുത്തിഗെ പുഴകളുടെ സംഗമ സ്ഥലമായ പാമ്പാടിയില്‍ ടി ആകൃതിയില്‍ പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്കാണ് തുക അനുവദിച്ചത്.

പാലം യാഥാര്‍ഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള യാത്രാ ദൈര്‍ഘ്യം കുറയുന്നതോടെ എളുപ്പത്തില്‍ എത്താം. കുമ്പള, സീതാംഗോളി, പെര്‍മൂദ ടൗണുകള്‍, കിദൂര്‍ പക്ഷി സങ്കേത കേന്ദ്രം, പൊസഡിഗുംപെ വിനോദ സഞ്ചാരകേന്ദ്രം, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും സുഗമമാകും. പാലം യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാവിധ പരിശ്രമങ്ങളും തുടര്‍ന്നും നടത്തുമെന്ന് എം.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു.

0Shares