
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ വിജയിച്ചതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ വിജയാരവം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നിലും പ്രവര്‍ത്തകരുടെ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള പാര്‍ലമെണ്ട് അംഗം ശശി തരൂരിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഒക്ടോബര്‍ 17ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയ 9,385 വോട്ടുകളില്‍ സിംഹഭാഗവും ഖാര്‍ഗെ നേടി. തരൂര്‍ 1,072 വോട്ടുകള്‍ നേടിയപ്പോള്‍ ഖാര്‍ഗെ 7,897 വോട്ടുകള്‍ സ്വന്തമാക്കി. രാഹുല്‍ ഗാന്ധി അധികാരമേറ്റ 2017 നും 2019 നും ഇടയിലുള്ള രണ്ടുവര്‍ഷം ഒഴികെ, 1998 മുതല്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് പകരമായാണ് പുതിയ പ്രസിഡണ്ട് വന്നത്.

അധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ക്രമക്കേട് ആരോപിച്ച് ശശി തരൂര്‍ വിഭാഗം പലകുറി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുമ്പാകെ (സിഇ.എ) ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോളിംഗിന് മുമ്പും പോളിംഗ് ദിവസത്തിലും അതിന് ശേഷവും സി.ഇ.എ ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും തരൂര്‍ പ്രചാരണ ടീം അംഗം സല്‍മാന്‍ സോസ് പറഞ്ഞു.
സ്വതന്ത്രവും ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പായിരുന്നു എന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇത് രഹസ്യ ബാലറ്റാണെന്നും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാര്‍ഗെയ്ക്ക് അഭിനന്ദനങ്ങള്‍: ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് തരൂര്‍ പ്രസ്താവന ഇറക്കി.
പുതിയ അധ്യക്ഷനൊപ്പം പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്നും ഞങ്ങളുടെ പാര്‍ട്ടിയുടെ പുനരുജ്ജീവനം യഥാര്‍ത്ഥത്തില്‍ ഇന്ന് ആരംഭിച്ചതായി ഞാന്‍ വിശ്വസിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് തരൂര്‍ നന്ദി അറിയിച്ചു.
